ആശുപത്രിയില്‍ നിന്ന് പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു; കുടുക്കി ഓട്ടോ ഡ്രൈവര്‍
police jeep

നേത്രാശുപത്രിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച വിചാരണത്തടവുകാരനെ ഓട്ടോ ഡ്രൈവറുടെ സഹായത്തോടെ പിടികൂടി പൊലീസ്. ആശുപത്രിയില്‍ നിന്നും ജയിലുദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ചാണ് തടവുകാരന്‍ രക്ഷപ്പെട്ടത്. തുടര്‍ന്ന് ഡ്രൈവറുടെ സഹായത്തോടെ ജയില്‍ അധികൃതര്‍ വെഞ്ഞാറമൂട്ടില്‍ നിന്ന് പ്രതിയെ പിടികൂടി.പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ തടവുകാരനായ, തിരുവല്ല പെരിങ്ങര സ്വദേശി ജോസഫ് ഡാനിയേല്‍ ആണ് ബുധനാഴ്ച രാവിലെ 10.45ഓടെ ആശുപത്രിയില്‍ നിന്നും രക്ഷപ്പെട്ടത്. 17 തടവുകാരെയാണ് ചികിത്സയ്ക്കായി ജയില്‍ നിന്നും വിവിധ ആശുപത്രികളിലേക്ക് കൊണ്ടുപോയത്. 17 തടവുകാരുടെ സുരക്ഷയ്ക്കായി നാല് ഉദ്യോഗസ്ഥരാണ് ഉണ്ടായിരുന്നത്.
ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ജോസഫ് ഓട്ടോയില്‍ കയറി പോകുന്നത് കണ്ടു. തുടര്‍ന്ന് ഓട്ടോസ്റ്റാന്‍ഡില്‍ നിന്ന് ഡ്രൈവറുടെ ഫോണ്‍ നമ്പര്‍ കണ്ടെത്തി വിവരം അറിയിച്ചു. ഇതേസമയം പ്രതി വാഹനത്തില്‍ ഉണ്ടായിരുന്നു. ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരം ഡ്രൈവര്‍ പ്രതിയെ വെഞ്ഞാറമൂട്ടില്‍ എത്തിച്ചു. അവിടെ കാത്തു നിന്ന പൊലീസ് പ്രതിയെ പിടികൂടി.ഓട്ടോയില്‍ കയറിയ പ്രതി വെഞ്ഞാറമൂട്ടിലേക്ക് പോകണമെന്നാണ് ആദ്യം പറഞ്ഞത്. പിന്നീട് പത്തനംതിട്ടയിലേക്ക് പോകണമെന്ന് ആവശ്യപ്പെട്ടു. തടവുകാരുടെ വസ്ത്രം ധരിച്ചത് സംശയം ജനിപ്പിച്ചെന്നും ഡ്രൈവര്‍ പറഞ്ഞു. തിരുവല്ല പൊലീസ് സ്റ്റേഷനിലെ പോക്‌സോ കേസില്‍ 2021 നവംബറിലാണ് ജോസഫിനെ ാെപലീസ് അറസ്റ്റ് ചെയ്തത്. 2022 ഏപ്രിലിലാണ് ഇയാളെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയത്.

Share this story