
മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷയില്‍ ഇന്നും വാദം തുടരും . വധശ്രമം ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. നവീന്‍ കുമാറിനെയും ഫര്സിന് മജീദിനെയും ഈ മാസം 27 വരെയാണ് റിമാന്‍ഡ് ചെയ്തത്. ഒളിവിലുള്ള ഒന്നാം പ്രതി സുനിത് നാരായണനെതിരെ അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ് പൊലീസ്. തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് റിമാന്‍ഡ് ചെയ്തത്.
കഴിഞ്ഞ ദിവസം കോടതിയില്‍ ശക്തമായ വാദപ്രതിവാദങ്ങളാണ് അരങ്ങേറിയത്. മുഖ്യമന്ത്രിക്കെതിരെ നടന്നത് വധ ശ്രമമാണെന്ന് പ്രോസിക്യൂഷന് കോടതിയില്‍ വ്യക്തമാക്കി. ഇപി ജയരാജന് തടഞ്ഞില്ലായിരുന്നുവെങ്കില്‍ മുഖ്യമന്ത്രിയെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വധിച്ചേനെയെന്നും പ്രതികളെ പുറത്തുവിടുന്നത് തെറ്റായ സന്ദേശം നല്‍കുമെന്നും പ്രോസിക്യൂഷന് കോടതിയില്‍ വിശദീകരിച്ചു.
എന്നാല്‍ കൈയില്‍ മൊട്ടുസൂചി പോലും ഇല്ലാതെ എങ്ങനെ വധശ്രമം നടത്തുമെന്ന് പ്രതിഭാഗം അഭിഭാഷകന് ചോദിച്ചു. വധശ്രമം നടന്നത് ഇപി ജയരാജന്റെ ഭാഗത്തുനിന്നാണെന്നും അദ്ദേഹത്തിനെതിരെ കേസെടുക്കാത്തത് തെറ്റായ സന്ദേശമാണെന്നും പ്രതിഭാഗം ആരോപിച്ചു.