വിമാനത്തിലെ പ്രതിഷേധം; കോണ്‍ഗ്രസ് പറഞ്ഞത് കോടതി ശരിവെച്ചു ; വി ഡി സതീശന്‍
vd satheesan
പ്രതിഷേധക്കാര്‍ക്ക് മുഖ്യമന്ത്രിയോട് വ്യക്തി വിരോധം ഇല്ലെന്ന് കോണ്‍ഗ്രസ് പറഞ്ഞിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയന് എതിരെ വിമാനത്തില്‍ യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയെ പ്രതിഷേധത്തില്‍ കോണ്‍ഗ്രസ് പറഞ്ഞാണ് ശരിയെന്ന് തെളിഞ്ഞതായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പ്രതിഷേധക്കാര്‍ക്ക് മുഖ്യമന്ത്രിയോട് വ്യക്തി വിരോധം ഇല്ലെന്ന് കോണ്‍ഗ്രസ് പറഞ്ഞിരുന്നു. ഇത് കോടതിയും നിരീക്ഷിച്ചു. അത് വ്യക്തമായതിനാലാണ് ജാമ്യം ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.

വിമാനത്തില്‍ മുഖ്യമന്ത്രിയെ വധിക്കാന്‍ ശ്രമിച്ചുവെന്ന തരത്തില്‍ പച്ചകള്ളം പറഞ്ഞ് പ്രചരിപ്പിക്കുകയും കലാപത്തിന് ആഹ്വാനം നടത്തുകയും ചെയ്തത് സിപിഎമ്മാണ്. മുഖ്യമന്ത്രിയുടെ ഓഫീസും എല്‍ഡിഎഫ്കണ്‍വീനര്‍ ഇ പി ജയരാജനും ഉള്‍പ്പെടെയുള്ളവരാണ് ഇതിന് പിന്നില്‍. സിപിഎമ്മുകാരെ പ്രകോപിപ്പിച്ച് ആക്രമണത്തിന് ആഹ്വാനം നല്‍കി. അതാണ് സംസ്ഥാനത്ത് ഉണ്ടായ പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണം. സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും അതുകൊണ്ടാണ് ഇ പി ജയരാജന്‍ മൊഴി മാറ്റിപ്പറഞ്ഞതെന്നും വി ഡി സതീശന്‍ ആരോപിച്ചു.
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ആദ്യം നടത്തിയ പ്രസംഗത്തില്‍ ഉറച്ച് നിന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടിയുടെ തലപ്പത്ത് ഗുണ്ടകളാണോ? കൊല്ലുമെന്നും ആക്രമിക്കുമെന്നും ഭീഷണിപ്പെടുത്തുന്നു. ഞങ്ങള്‍ തമിഴ്‌നാട്ടിലേക്ക് പോകണോയെന്നും പ്രതിപക്ഷനേതാവ് ചോദിച്ചു. പ്രതിഷേധം പ്രതിഷേധം എന്ന് മാത്രമാണ് ഞങ്ങളുടെ കുട്ടികള്‍ പറഞ്ഞത്. ചെറുപ്പക്കാര്‍ അവരുടെ പ്രതിഷേധം പ്രകടിപ്പിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

Share this story