വിരമിച്ച ശേഷം കുറ്റകൃത്യം ചെയ്താൽ പെൻഷൻ തടഞ്ഞുവെക്കുകയോ പിൻവലിക്കുകയോ ചെയ്യും : കേരള സർവിസ് ചട്ടത്തിൽ ഭേദഗതി
kerala govt files

തിരുവനന്തപുരം: ഗുരുതര പെരുമാറ്റദൂഷ്യം നടത്തി കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ സർക്കാർ പെൻഷൻകാരുടെ പെൻഷൻ തടഞ്ഞുവെക്കുകയോ പിൻവലിക്കുകയോ ചെയ്യുന്നതടക്കമുള്ള വ്യവസ്ഥകൾ ഉൾപ്പെടുത്തി കേരള സർവിസ് ചട്ടം ഭേദഗതി ചെയ്തു. കെ.എസ്.ആർ മൂന്നാംഭാഗത്തിൽ 2, 3, 59 എന്നീ ചട്ടങ്ങളാണ് ധനകാര്യവകുപ്പ് ജൂലായ് നാലിന്റെ ഉത്തരവിലൂടെ ഭേദഗതി വരുത്തിയത്.

പെൻഷനറെ കോടതി ശിക്ഷിക്കുകയോ ഗുരുതര കുറ്റകൃത്യത്തിന് 30 ദിവസത്തിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയോ ചെയ്താൽ ഈ വിവരം ജയിൽ സൂപ്രണ്ട്/ സ്റ്റേഷൻ ഹൗസ് ഓഫിസർ/ ജില്ലാതല നിയമ ഓഫിസർ എന്നിവർ ട്രഷറി ഡയറക്ടറെ അറിയിക്കണമെന്ന് ഭേദഗതിയിൽ പറയുന്നു. വിധിന്യായത്തിന്റെ പകർപ്പും പെൻഷനറുടെ വിശദവിവരും സഹിതം ട്രഷറി ഡയറക്ടർ വിശദമായ റിപ്പോർട്ട് ധനകാര്യവകുപ്പിനെ അറിയിക്കണം. തുടർന്ന് പെൻഷനർക്ക് കാരണംകാണിക്കൽ നോട്ടീസ് നൽകി വിശദീകരണം പരിഗണിച്ചശേഷം പി.എസ്.സിയുമായി കൂടിയാലോചിച്ചാണ് പെൻഷൻ തടയുന്നത് സംബന്ധിച്ച് തീരുമാനം എടുക്കുക. എത്രകാലത്തേക്ക് ശിക്ഷ വേണമെന്നും ഉത്തരവ് പുറപ്പെടുവിക്കും.

സർവിസ്‌കാലത്ത് വരുത്തിയ സാമ്പത്തികനഷ്ടം പെൻഷനിൽനിന്ന് ഈടാക്കുന്നതിനുള്ള വ്യവസ്ഥകളും പുതിയ ഭേദഗതിയിലുണ്ട്. നിലവിൽ ജീവനക്കാരുടെ ഗ്രാറ്റ്വിറ്റിയിൽ നിന്നാണ് സാമ്പത്തികനഷ്ടം സർക്കാർ ഈടാക്കിയിരുന്നത്. പെൻഷനിൽനിന്ന് നഷ്ടം ഈടാക്കാനുള്ള ശ്രമങ്ങൾ കുറ്റാരോപിതർ കോടതിയെ സമീപിച്ച് തടഞ്ഞിരുന്നു. പെൻഷൻകാരുടെ പെരുമാറ്റദൂഷ്യം തടയാനുള്ള ചട്ടം രണ്ടിന്റെ ഭേദഗതിയിലുള്ള ഉത്തരവിലാണ് ഇക്കാര്യങ്ങൾ ഉൾപ്പെടുത്തിയത്.

ഭാവിയിലുള്ള നല്ല പെരുമാറ്റം ഉറപ്പാക്കണമെന്ന വ്യവസ്ഥയിലാണ് പെൻഷൻ നൽകുന്നതെന്നും ഗുരുതര പെരുമാറ്റദൂഷ്യം കണ്ടെത്തിയാൽ സർക്കാരിന് പെൻഷനോ അല്ലെങ്കിൽ അതിന്റെ ഒരു ഭാഗമോ നിർത്തലാക്കാമെന്നും ഉത്തരവിൽ പറയുന്നു.

സർവിസിലിരിക്കുമ്പോൾ ആരംഭിച്ച വകുപ്പുതല നടപടികൾ വിരമിക്കുമ്പോഴും തീർപ്പാക്കിയില്ലെങ്കിൽ വിരമിച്ചശേഷം തുടർനടപടികൾ സ്വീകരിക്കാം. വിരമിച്ച് ഒരുവർഷത്തിനുള്ളിൽ അച്ചടക്ക നടപടികൾ പൂർത്തിയാക്കണം. ഒന്നിലധികം വകുപ്പുതല അച്ചടക്കനടപടികൾ നേരിടുന്ന ജീവനക്കാരൻ വിരമിച്ചശേഷം എല്ലാനടപടികളും ഒരുമിച്ച് പരിഗണിച്ച് തീർപ്പുകല്പിക്കണം.

അതേസമയം, സർവിസ് കാലത്ത് വരുത്തിയ കുറ്റകൃത്യം വിരമിച്ചശേഷമാണ് കണ്ടെത്തുന്നതെങ്കിൽ സംഭവം നടന്ന് നാലുവർഷത്തിനുള്ളിൽ നടപടി എടുക്കണം. നാലുവർഷം കഴിഞ്ഞ കേസുകളിൽ നടപടിക്കായി സർക്കാരിന്റെ മുൻകൂർ അനുമതി തേടണമെന്നും ഇതിൽ വ്യവസ്ഥ ചെയ്യുന്നു.
 

Share this story