പയ്യന്നൂര്‍ ഫണ്ട് വിവാദം: വിവാദങ്ങളുടെ തീയണക്കാന്‍ സി.പി. എം: എ.വിജയരാഘവന്‍ രഹസ്യചര്‍ച്ച നടത്തും
 m Vijayaraghavan

കണ്ണൂര്‍: പയ്യന്നൂരിലെ പാര്‍ട്ടി ഫണ്ട്‌വിവാദം കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍  സംസ്ഥാന വിഷയമാക്കി ചര്‍ച്ച ചെയ്യുന്ന സാഹചര്യത്തില്‍ എത്രയും പെട്ടെന്ന് തര്‍ക്കങ്ങള്‍ പരിഹരിച്ചു മുഖം രക്ഷിക്കാന്‍  സി.പി. എം  ജില്ലാ നേതൃത്വം ഒരുങ്ങുന്നു.ഇന്ന്‌നടക്കുന്ന വെള്ളൂര്‍ ഈസ്റ്റ് ബ്രാഞ്ച് ഓഫിസായ പി.കണ്ണന്‍ നായര്‍സ്മാരക മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങില്‍  സി.പി. എം പൊളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവന്‍ പങ്കെടുക്കുന്നുണ്ട്.

 തല്‍സ്ഥാനത്തു നിന്നും നീക്കം ചെയ്യപ്പെട്ട മുന്‍ ഏരിയാ സെക്രട്ടറി വി.കുഞ്ഞികൃഷ്ണന്‍ പരിപാടിയില്‍ പങ്കെടുക്കുന്നുണ്ടെന്നാണ് വിവരം. പയ്യന്നൂരിലെ പാര്‍ട്ടി ഫണ്ട് വിവാദം, അച്ചടക്ക നടപടി എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ സംബന്ധിച്ചു വിജയരാഘവന്‍ വിമതവിഭാഗം നേതാക്കളുമായി ചര്‍ച്ച നടത്തുമെന്നാണ് സൂചന. 


 വരുന്ന സംസ്ഥാന കമ്മിറ്റിയോഗത്തില്‍  ഈക്കാര്യങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യും.  ഇതിനു മുന്‍പായി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലികൃഷ്ണനുള്‍പ്പെടെയുള്ളവര്‍ പയ്യന്നൂര്‍ സന്ദര്‍ശിക്കുമെന്നാണ് വിവരം.എന്നാല്‍ ആരോപണ വിധേയനായ ടി. ഐ മധുസൂദനനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കണമെന്ന ശക്തമായ നിലപാടിലാണ് വെള്ളൂരിലെ വിമത വിഭാഗം. സംസ്ഥാന നേതൃത്വത്തെ സംബന്ധിച്ച് ഇത് അത്ര എളുപ്പമുള്ള സംഗതിയല്ല. പയ്യന്നൂരിലെ പാര്‍ട്ടിയിലെ  സ്വാധീനമുള്ള നേതാവ് ഇപ്പോഴും മധുസൂദനന്‍ തന്നെയാണ്. 

പാര്‍ട്ടിക്ക് നേരെ അക്രമം നടക്കുമ്പോള്‍ അതിനെ പ്രതിരോധിക്കുന്നത് മധുസൂദനന്‍ നിയന്ത്രിക്കുന്ന മൂന്ന് ഡിഫന്‍സസംഘങ്ങളാണ്.മാത്രമല്ല പയ്യന്നൂരിലെ യുവതലമുറയ്ക്കിടെയില്‍ നല്ല സ്വാധീനമുള്ള നേതാവാണ് മധുസൂദനന്‍. മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്രകമ്മിറ്റിയംഗം ഇ.പി ജയരാജന്‍, മന്ത്രി എം.വി ഗോവിന്ദന്‍ തുടങ്ങിയ നേതാക്കളുടെ അതീവവിശ്വസ്തന്‍ കൂടിയാണ് അണികള്‍ ടി.

 ഐയെന്നു വിളിക്കുന്ന  മധുസൂദനന്‍.ഇതു കൂടാതെ പാര്‍ട്ടി ശക്തി കേന്ദ്രത്തിലെ എം. എല്‍. എയ്‌ക്കെതിരെ കൂടതല്‍ അച്ചടക്കനടപടി സ്വീകരിക്കുന്നത് വിഷയം വഷളാക്കുമോയെന്ന ആശങ്ക സി.പി. എം നേതൃത്വത്തിനുണ്ട്. ഈ സാഹചര്യത്തിലാണണ്  ജില്ലാസെക്രട്ടറിയേറ്റംഗമായ മധുസൂദനനെതിരെ പേരിനു മാത്രം നടപടിയെടുത്ത് ജില്ലാകമ്മിറ്റിയിലേക്ക് തരം താഴ്ത്തിയ ജില്ലാനേതൃത്വം വിമത വിഭാഗത്തെ വെട്ടിനിരത്താന്‍ തീരുമാനിച്ചത്.

Share this story