പത്തനംതിട്ടയിൽ ഗർഭിണിയായ 19 കാരി തൂങ്ങിമരിച്ച സംഭവം ; യുവാവ് അറസ്റ്റിൽ
pathanam

പത്തനംതിട്ട : ആറര മാസം ഗർഭിണിയായ 19 കാരി തൂങ്ങിമരിച്ച സംഭവത്തിൽ പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവിനെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. റാന്നി മന്ദിരംപടി നാലുസെന്റ് കോളനി പള്ളിക്കൽ വീട്ടിൽ അച്ചു എന്ന സഞ്ചിമ (19) ഞായറാഴ്ച രാവിലെ 10.30ന് തൂങ്ങിമരിച്ച സംഭവത്തിലാണ് ആർ. അഖിൽ (26) അറസ്റ്റിലായത്.

റാന്നി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ആത്മഹത്യാപ്രേരണ, സ്ത്രീധനപീഡനം എന്നീ കുറ്റങ്ങളാണ് ചുമത്തിയത്. ഇരുവരും നിയമപരമായി വിവാഹിതരല്ലെന്ന് പൊലീസ് പറഞ്ഞു. ഒരുമിച്ച് വാടകക്ക് താമസിച്ചുവന്ന മന്ദിരം പടിക്ക് സമീപം നാലുസെന്റ് കോളനിയിലെ വീട്ടിലെ കിടപ്പുമുറിയിലാണ് യുവതിയെ മരിച്ച നിലയിൽ കണ്ടത്. സംഭവസമയം ഇയാൾ വീട്ടിലുണ്ടായിരുന്നു.

ജനുവരിയിലാണ് ഇരുവരും ഒരുമിച്ച് താമസിച്ച് തുടങ്ങിയത്. അഖിൽ സ്ഥിരമായി സഞ്ചിമയെ മർദിക്കാറുണ്ടെന്ന് പറയുന്നു. ഞായറാഴ്ച രാവിലെയും വഴക്കും മർദനവും ഉണ്ടായി. ആറര മാസം ഗർഭിണിയായ യുവതിയെ ഇയാൾ കല്ലെടുത്തെറിഞ്ഞ് പുറത്ത് മുറിവേൽപ്പിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തുവെന്ന് പൊലീസ് പറഞ്ഞു.

ഇതിന്‍റെ മനോവിഷമത്താൽ യുവതി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പരാതി. സംഭവത്തിനുശേഷം പൊലീസ് അഖിലിനെ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. ചൊവ്വാഴ്ച വീണ്ടും ഇൻസ്‌പെക്ടർ എം.ആർ. സുരേഷ് കുമാർ വിശദമായി ചോദ്യം ചെയ്യുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.

Share this story