
പത്തനംതിട്ട: ജില്ലയുടെ മലയോരമേഖലയിൽ കനത്ത മഴ തുടരുന്നു. ചൊവ്വാഴ്ച പകൽ ശക്തി കുറഞ്ഞെങ്കിലും വൈകീട്ടോടെ വീണ്ടും മഴകനത്തു. ഇതോടെ ഡാമുകളിലും ജലനിരപ്പ് ഉയർന്നു. അപകട സാധ്യത ഒഴിവാക്കാൻ ഡാമുകളിൽനിന്ന് കൂടുതൽ വെള്ളം പുറത്തേക്ക് വിടുന്നുണ്ട്.
ഡാമുകളിൽനിന്ന് വെള്ളം കൂടുതലായി ഒഴുകി എത്തുന്നതിനാൽ പമ്പയിലാണ് ജലനിരപ്പ് ഇതിനകം കൂടുതൽ ഉയർന്നിട്ടുള്ളത്. ഉരുൾ പൊട്ടലിന്‍റേതിന് സമാനമായി വനമേഖലയിൽനിന്നുള്ള ശക്തമായ വെള്ളപ്പാച്ചിലിൽ അച്ചൻകോവിൽ, മണിമല ആറുകളും കവിഞ്ഞു. മൂഴിയാർ ഡാമിന്‍റെ മൂന്ന് ഷട്ടർ തുറന്നു. കക്കി, അള്ളുങ്കൽ, കാരികയം എന്നീ ചെറുഡാമുകളുടെ ഷട്ടറുകളും ഉയർത്തി. മണിയാർ ബാരേജിന്‍റെ അഞ്ച് ഷട്ടറും തുറന്നു.
സീതത്തോടാണ് കഴിഞ്ഞ 48 മണിക്കൂറില്‍ ഏറ്റവും കൂടുതല്‍ മഴ പെയ്തത്. പമ്പ, മണിമല ഡാമുകളില്‍ അപകടനിരപ്പിന് മുകളിലാണ്. എന്നാല്‍ കക്കി, പമ്പ ഡാമുകളിലെ ജലനിരപ്പ് ആശങ്കജനകമല്ലെന്നാണ് വിലയിരുത്തൽ. പ്രളയമേഖലയിൽ ഇതുവരെ 25 ക്യാമ്പുകൾ തുറന്നു. 118 കുടുംബങ്ങളിൽനിന്നുള്ള 426 പേരാണ് ക്യാമ്പുകളിൽ കഴിയുന്നത്. ആവശ്യം വന്നാല്‍ കൂടുതൽ ക്യാമ്പുകള്‍ കൂടി തുറക്കാൻ ജില്ല ഭരണകൂടം സൗകര്യം കണ്ടെത്തിയിട്ടുണ്ട്.
താലൂക്കുതലത്തിലുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഏകോപന ചുമതല ഓരോ ഡെപ്യൂട്ടി കലക്ടര്‍മാര്‍ക്ക് നല്‍കി. പൊലീസിന്റെ ഹെല്‍പ് ഡെസ്‌കുകള്‍ തയാറായി. ക്യാമ്പുകളില്‍ പൊലീസ് സഹായമുണ്ടാകും. അഗ്നിരക്ഷാസേനയുടെ 30 പേര്‍ അടങ്ങിയ എമര്‍ജന്‍സി ടീം സജ്ജമായി. നിയോജക മണ്ഡല അടിസ്ഥാനത്തില്‍ ഡിങ്കി ബോട്ടുകള്‍ വിന്യസിച്ചു.
ദേശീയ ദുരന്തനിവാരണ സേനയുടെ ടീം തിരുവല്ല ഡി.ടി.പി.സി സത്രത്തില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്. ആവശ്യം വരുന്ന മുറക്ക് കൊല്ലത്തുനിന്ന് രക്ഷാപ്രവര്‍ത്തനത്തിനുള്ള ബോട്ട് എത്തിക്കും. കെ.എസ്.ഇ.ബി ക്വിക്ക് റെസ്‌പോണ്‍സ് ടീമിനെയും ഉറപ്പാക്കും.