അച്ഛനമ്മമാര്‍ ജോലിക്ക് പോകുംമുമ്പ് അവരെ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കണം; വീണ്ടും കളക്ടര്‍ മാമന്‍
collector
സ്‌കൂളുകള്‍ നാളെയും അവധിയാണെന്ന് ഓര്‍മ്മിപ്പിച്ച കളക്ടര്‍ കഴിഞ്ഞ ദിവസം പറഞ്ഞ കാര്യങ്ങള്‍ മറക്കരുതെന്നും വ്യക്തമാക്കി.

മഴ കനക്കുന്ന പശ്ചാത്തലത്തില്‍ കുട്ടികള്‍ക്ക് പ്രത്യേക സ്‌നേഹോപദേശവുമായി വീണ്ടും ആലപ്പുഴ ജില്ലാ കളക്ടര്‍ വി.ആര്‍. കൃഷ്ണ തേജ. അദ്ദേഹം കളക്ടറായി ചുമതലയേറ്റ ശേഷം കഴിഞ്ഞ ദിവസം ഫെയ്‌സ്ബുക്കിലൂടെ കുട്ടികള്‍ക്ക് നല്‍കിയ സന്ദേശവും വൈറലായിരുന്നു. സ്‌കൂളുകള്‍ നാളെയും അവധിയാണെന്ന് ഓര്‍മ്മിപ്പിച്ച കളക്ടര്‍ കഴിഞ്ഞ ദിവസം പറഞ്ഞ കാര്യങ്ങള്‍ മറക്കരുതെന്നും വ്യക്തമാക്കി.
അച്ഛനമ്മമാര്‍ ജോലിക്ക് പോകുമ്പോള്‍ അവരുടെ ബാഗില്‍ കുട, മഴക്കോട്ട് എന്നിവ ഉണ്ടെന്ന് ഉറപ്പാക്കണമെന്നും പോകുന്നതിന് മുന്‍പ് അവരെ കെട്ടി പിടിച്ച് ഉമ്മ കൊടുക്കണമെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ജില്ലാ കളക്ടറായി ശ്രീറാം വെങ്കിട്ടരാമനെ നിയമിച്ചതില്‍ പ്രതിഷേധം ശക്തമായതിന് പിന്നാലെയാണ് വി.ആര്‍ കൃഷ്ണ തേജ ആലപ്പുഴ ജില്ലാ കളക്ടറായി നിയമിതനായത്. കൃത്യ സമയത്ത് ഭക്ഷണം കഴിക്കണം, അവധിയെന്ന് കരുതി മടി പിടിച്ച് ഇരിക്കാതെ പാഠ ഭാഗങ്ങള്‍ മറിച്ചു നോക്കണം തുടങ്ങിയ സ്‌നേഹോപദേശങ്ങളാണ് അദ്ദേഹം ഇന്നലെ കുട്ടികള്‍ക്ക് നല്‍കിയത്.

ആലപ്പുഴ ജില്ലാ കളക്ടറുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

പ്രിയപ്പെട്ട കുട്ടികളെ, നാളെയും അവധിയാണ് കേട്ടോ. എന്ന് വെച്ച് ഇന്നലെ പറഞ്ഞതൊന്നും മറക്കല്ലേ…
മഴക്കാലമായത് കൊണ്ട് തന്നെ അച്ഛനമ്മമാര്‍ ജോലിക്ക് പോകുമ്പോള്‍ അവരുടെ ബാഗില്‍ കുട, മഴക്കോട്ട് എന്നിവ ഉണ്ടെന്ന് ഉറപ്പാക്കണം കേട്ടോ… പോകുന്നതിന് മുന്‍പ് അവരെ കെട്ടി പിടിച്ച് ഉമ്മ കൊടുക്കണം. ഞങ്ങള്‍ ഇവിടെ കാത്തിരിക്കുന്നെന്നും സൂക്ഷിച്ച് വണ്ടി ഓടിച്ച് വൈകിട്ട് നേരത്തെ വരണമെന്നും സ്‌നേഹത്തോടെ പറയണം. നല്ല ശീലങ്ങള്‍ പാലിക്കണം. മിടുക്കരാകണം.
ഒരുപാട് സ്‌നേഹത്തോടെ
നിങ്ങളുടെ പ്രിയപ്പെട്ട
കളക്ടര്‍ മാമന്‍

Share this story