പമ്പയും അച്ചൻകോവിലാറും കരകവിഞ്ഞു
achankovilar

ഹരിപ്പാട്: പമ്പയും അച്ചൻകോവിലാറും കരകവിഞ്ഞതോടെ അപ്പർ കുട്ടനാട്ടിൽ ജനജീവിതം ദുസ്സഹമായി. കിഴക്കൻ വെള്ളത്തി‍െൻറ വരവ് ശക്തമായതാണ് ജലനിരപ്പ് ഉയരാൻ കാരണം. ആറി‍െൻറ കരകളിലെ വീടുകളുടെ പരിസത്തും ഗ്രാമവഴികളിലും വെള്ളം നിറഞ്ഞു.

ഈ നില തുടർന്നാൽ വീടുകളെല്ലാം മണിക്കൂറുകൾക്കുള്ളിൽ വെള്ളത്തിനടിയിലാകും. വീയപുരം, ചെറുതന, പള്ളിപ്പാട് പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി.

ചെറുതന ആനാരി വടക്ക് ചാണ്ടി, ചങ്ങാരപ്പള്ളിച്ചിറ, അച്ചനാരി, കുട്ടങ്കേരി, കാഞ്ഞിരംതുരുത്ത് തുടങ്ങിയ പ്രദേശങ്ങളും വീയപുരത്തെ മേൽപാടം തുരുത്തേൽ തുടങ്ങിയ പ്രദേശങ്ങളിലും ജനജീവിതം ദുസ്സഹമായി. ചെറുതനയിൽ പുത്തൻ തുരുത്ത് മുതൽ ചെങ്ങാരപ്പള്ളിച്ചിറ വരെ യാത്രക്ക് നടവഴി പോലുമില്ലാത്ത അവസ്ഥയാണ്. വീയപുരം പഞ്ചായത്തിലെ തുരുത്തേൽ കടവിൽ 25ലധികം വീടാണ് വെള്ളപ്പൊക്ക ഭീഷണി നേരിടുന്നത്. ആറി‍െൻറ ആഴംകൂട്ടൽ ഗുണപ്രദമായി നടക്കാത്തതാണ് കരകവിയാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു.
 

Share this story