കാട്ടുപന്നിയുടെ ആക്രമണത്തില്‍ മരിച്ച തൊഴിലാളിയുടെ മൃതദേഹവുമായി പാലക്കാട് വനംവകുപ്പ് ഓഫീസില്‍ പ്രതിഷേധം
palakkad

പാലക്കാട് : കാട്ടുപന്നിയുടെ ആക്രമണത്തില്‍ മരിച്ച തൊഴിലാളിയുടെ മൃതദേഹവുമായി വനം വകുപ്പ് ഓഫീസിന് മുന്നില്‍ നാട്ടുകാരുടെ പ്രതിഷേധം. കിഴക്കഞ്ചേരി പറശ്ശേരി കിഴക്കേകുളമ്പ് വേലായുധന്റെ (52) മൃതദേഹവുമാണ് ബന്ധുക്കളും നാട്ടുകാരും കരിങ്കയം ഫോറസ്റ്റ് ഓഫീസിന് മുന്നില്‍ മൂന്ന് മണിക്കൂറോളം പ്രതിഷേധിച്ചത്. 

ഞായറാഴ്ച രാവിലെ അഞ്ചരയോടുകൂടിയാണ് പറശ്ശേരിയില്‍ നിന്നും വട്ടപ്പാറയിലേക്ക് റബ്ബര്‍ ടാപ്പിങിന് പോകുന്നതിനിടെ വേലായുധനെ കാട്ടുപന്നിക്കൂട്ടം ആക്രമിച്ചത്.ബൈക്കില്‍ പന്നിയിടിച്ച് മറിഞ്ഞതിനെ തുടര്‍ന്ന് ഗുരുതരമായി പരുക്കേറ്റ വേലായുധന്‍ നെന്മാറയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ തിങ്കളാഴ്ച വൈകീട്ട് മരിച്ചു.

 അപകടം നടന്ന സമയത്ത് പരുക്കേറ്റയാളെ ആശുപത്രിയില്‍ എത്തിക്കാന്‍ വനം വകുപ്പ് വാഹനം അനുവദിക്കാത്തതും സംഭവത്തിന്റെ ദൃക്‌സാക്ഷി മനോജിന്റെ മൊഴി രേഖപ്പെടുത്തിയത് ശരിയായ രീതിയല്ലെന്നും കുടുംബത്തിന് സര്‍ക്കാരിന്റെ ധനസഹായം കിട്ടുംവിധത്തിലുള്ള റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വനം വകുപ്പ് അധികൃതര്‍ തയ്യാറായില്ലെന്നും ആരോപിച്ചാണ് മൃതദേഹവുമായി പ്രതിഷേധിച്ചത്.

ഓഫീസിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചവരെ പോലീസ് തടഞ്ഞു. പ്രതിഷേധത്തെ തുടര്‍ന്ന് നെന്മാറ ഡി.എഫ്.ഒ. സി.പി. അനീഷ് സ്ഥലത്തെത്തി നഷ്ടപരിഹാരം നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ഉറപ്പ് നല്കിയതിനെ തുടര്‍ന്നാണ് പ്രതിഷേധം അവസാനിച്ചത്. ഡി.എഫ്.ഒ.യ്ക്ക് പുറമെ ആലത്തൂര്‍ റെയ്ഞ്ച് ഓഫീസര്‍ കെ.ആര്‍. കൃഷ്ണദാസ്, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ രഞ്ജിത്ത്, ആലത്തൂര്‍ തഹസില്‍ദാര്‍ പി. ജനാര്‍ദ്ദനന്‍, ആലത്തൂര്‍ ഡിവൈ.എസ്.പി. ആര്‍. അശോകന്‍, വടക്കഞ്ചേരി സി.ഐ. എ. ആദംഖാന്‍, മംഗലംഡാം എസ്.ഐ. ജെ. ജമേഷ് എന്നിവര്‍ സ്ഥലത്തെത്തി. കിഴക്കഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. രാധാകൃഷ്ണനുമായി ഡി.എഫ്.ഒ. ചര്‍ച്ച ചെയ്തതിനെ തുടര്‍ന്നാണ് പ്രശ്‌നത്തിന് പരിഹാരമായത്.

Share this story