പി.എസ്​.സിയുടെ നിയമന ശിപാർശ ലഭിച്ചവ​ർക്ക്​ നിയമനം നിഷേധിക്കാനാവില്ല: സിംഗിൾബെഞ്ച്​ ഉത്തരവ്​ ഡിവിഷൻബെഞ്ചും​ ശരിവെച്ചു

google news
high court

കൊച്ചി: പി.എസ്​.സിയുടെ നിയമന ശിപാർശ (അഡ്വൈസ്​ മെമ്മോ) ലഭിച്ചവ​ർക്ക്​ നിയമനം നിഷേധിക്കാനാവില്ലെന്ന സിംഗിൾബെഞ്ച്​ ഉത്തരവ്​ ഹൈകോടതി ഡിവിഷൻബെഞ്ച്​ ശരിവെച്ചു. കേരള വനം വികസന കോർപറേഷനിലേക്ക്​ (കെ.എഫ്​.ഡി.സി) കോൺഫിഡൻഷ്യൽ അസിസ്​റ്റന്‍റ്​ ഗ്രേഡ്​ രണ്ട് തസ്തികയിലെ നിയമനത്തിന്​ അഡ്വൈസ്​ മെമ്മോ ലഭിച്ച കെ.ജി. അഞ്​ജു കൃഷ്ണൻ, പി. നിവ്യ ശ്രീശൻ, കെ.ടി. ഫിലോമിന മിനി, സി. ജാൻസിറാണി, ​കെ.വി. സുനിത എന്നിവർക്ക്​ നിയമനം നൽകാനുള്ള ഉത്തരവ്​ ശരിവെച്ചാണ്​ ജസ്റ്റിസ്​ എ. കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ്​ സി.പി. മുഹമ്മദ്​ നിയാസ്​ എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ചിന്‍റെ ഉത്തരവ്​.

എഴുത്തു പരീക്ഷയടക്കം നടപടിക്രമങ്ങളെല്ലാം പൂർത്തിയാക്കിയ ശേഷമാണ്​ ഹരജിക്കാർ റാങ്ക്​ പട്ടികയിൽ വന്നത്​. 2021 നവംബർ 23ന്​ അഡ്വൈസ്​ മെമ്മോയും നൽകി​. എന്നാൽ, സാമ്പത്തിക സ്ഥിതി മോശമായതിനാൽ ഈ തസ്തിക വേണ്ടെന്ന്​ ​ തീരുമാനിച്ചെന്നും നിയമനം ഉപേക്ഷിച്ചെന്നും കെ.എഫ്​.ഡി.സി അറിയിച്ചു. തുടർന്നാണ്​ ഹരജിക്കാർ കോടതിയെ സമീപിച്ചത്​. കമ്പ്യൂട്ടറൈസേഷൻ നടക്കുമ്പോഴായിരുന്നു ​അപേക്ഷ ക്ഷണിച്ചതെന്നും ഇപ്പോൾ പൂർണമായും കമ്പ്യൂട്ടർവത്​കരിച്ചതിനാൽ ഈ തസ്തികയിൽ നിയമനം ആവശ്യമില്ലെന്നുമായിരുന്നു കെ.എഫ്​.ഡി.സിയുടെ വിശദീകരണം. സാമ്പത്തിക ബുദ്ധിമുട്ട്​ നേരിടുന്നതിനാൽ നിയമനം നടത്തുന്നത്​ സ്ഥാപനത്തെ കൂടുതൽ പ്രതിസന്ധിയിലാക്കും. നിയമന നടപടികൾ റദ്ദാക്കാൻ പി.എസ്​.സിയോട്​ ആവശ്യപ്പെട്ടിരുന്നു. പട്ടികയിൽ പേര്​ വന്നതുകൊണ്ട്​ നിയമനത്തിന്​ നിയമപരമായ അവകാശമില്ല. ഒഴിവ്​ നികത്താൻ കോർപറേഷന്​ ഉദ്ദേശ്യമില്ലെങ്കിൽ വിവേചനം ആരോപിക്കാനോ പരാതിപ്പെടാനോ കഴിയില്ലെന്നും വ്യക്​തമാക്കി.

എന്നാൽ, 2013ന്​ ശേഷം മൂന്ന്​ വർഷത്തിനിടെ അഞ്ച്​ ഒഴിവുകൾ കെ.എഫ്​.ഡി.സി പി.എസ്​.സിക്ക്​ റിപ്പോർട്ട്​ ചെയ്തിട്ടുണ്ടെന്നതിൽ സംശയമില്ലെന്ന്​ കോടതി ചൂണ്ടിക്കാട്ടി. 2015 മാർച്ച്​ 28നാണ്​ നിയമനത്തിന്​ അപേക്ഷ ക്ഷണിച്ചത്​. എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കി അ​ഡ്വൈസ്​ മെമ്മോയും അയച്ചശേഷമാണ്​ ഒഴിവ്​ നികത്തുന്നില്ലെന്ന് ഉദ്യോഗാർഥികളെ​ അറിയിച്ചിരിക്കുന്നത്​. ഒഴിവ്​ റിപ്പോർട്ട്​ ചെയ്തതനുസരിച്ച്​ അഡ്വൈസ്​ മെമ്മോ നൽകിക്കഴിഞ്ഞതാണ്​. തസ്തിക കൂട്ടാനും കുറക്കാനും സർക്കാറിന്‍റെ അനുമതി വേണമെന്ന്​ കെ.എഫ്​.ഡി.സി തന്നെ വിശദീകരണത്തിൽ പറഞ്ഞിട്ടുണ്ട്​.

ഹരജിക്കാരുടെ തസ്തികകൾ ഇല്ലാതാക്കി ഇതുവരെ സർക്കാർ ഉത്തരവ്​ ഉണ്ടായിട്ടില്ല. ഇപ്പോഴും എട്ട്​ കോൺഫിഡൻഷ്യൽ അസിസ്​റ്റന്‍റ്​ ഗ്രേഡ്​ രണ്ട് തസ്തികകൾ നിലനിലനിൽക്കുന്നുണ്ട്​. റാങ്ക്​ലിസ്റ്റിലുള്ളവരെ ഉടമയുടെ സാമ്പത്തിക ബാധ്യതയുടെ പേരിൽ ബുദ്ധിമുട്ടിക്കാനാവില്ലെന്നും വാദം അംഗീകരിക്കാനാവില്ലെന്നും വ്യക്​തമാക്കിയ സിംഗിൾബെഞ്ച്​ മൂന്നാഴ്ചക്കകം ഇവർക്ക്​ നിയമന ഉത്തരവ്​ നൽകണമെന്ന്​ ജൂലൈ അഞ്ചിന്​ ഉത്തരവിട്ടു. ഇതിനെതിരെ കെ.എഫ്​.ഡി.സി നൽകിയ അപ്പീലാണ്​ ഡിവിഷൻബെഞ്ച്​ തള്ളിയത്​. സിംഗിൾബെഞ്ചിന്‍റെ ഉത്തരവിൽ ഇടപെടേണ്ട ആവശ്യമില്ലെന്ന്​ വ്യക്​തമാക്കിയാണ്​ ഡിവിഷൻബെഞ്ച്​ ഉത്തരവ്​.

Tags