ജനകീയ സമരങ്ങളെ സംസ്ഥാന സ‍ര്‍ക്കാര്‍ അടിച്ചമ‍ര്‍ത്താൻ ശ്രമിക്കുന്നതായി പികെ കുഞ്ഞാലിക്കുട്ടി

kunjalikkutty

കോഴിക്കോട് : ജനകീയ സമരങ്ങളെ സംസ്ഥാന സ‍ര്‍ക്കാര്‍ അടിച്ചമ‍ര്‍ത്താൻ ശ്രമിക്കുന്നതായി മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. അധികാരത്തിന്റെ വമ്പ് കാണിച്ച് ജനകീയ പ്രക്ഷോഭങ്ങളെ ഇല്ലാതെയാക്കാം എന്നത് അതിമോഹം മാത്രമാണ്. ഇത്തരം ഭയപ്പെടുത്തലുകൾക്ക് വഴങ്ങാൻ കഴിയില്ല. സർക്കാറിന്റെ തെറ്റായ നയങ്ങൾക്കെതിരിൽ ഇനിയും ഉച്ചത്തിൽ സംസാരിക്കുകയും വേണ്ടിവന്നാൽ ജനകീയ പ്രക്ഷോഭങ്ങളുടെ മുന്നിൽ നിൽക്കുകയും ചെയ്യും. ജനാധിപത്യത്തെ അടിച്ചമർത്താൻ ആർക്കും കഴിയില്ല എന്നോർമിക്കണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. 

മുസ്‌ലിം യൂത്ത് ലീഗ് സേവ് കേരള മാർച്ചിനെ അതിക്രൂരമായാണ് പൊലീസ് നേരിട്ടത്. ശേഷം മുപ്പതോളം മുസ്‌ലിം യൂത്ത് ലീഗ് പ്രവർത്തകരെ ജയിലിലടക്കുകയും ചെയ്തു. അവർക്കെതിരിയെല്ലാം ഇല്ലാകഥകൾ ഉണ്ടാക്കിയാണ് കേസ്സെടുത്തത്. ഇപ്പോൾ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസിനെയും അറസ്റ്റ് ചെയ്തിരിക്കുകയാണ്. 

സമരങ്ങളെ പ്രോത്സാഹിപ്പിക്കുകയും, അനാവശ്യ സമരങ്ങൾ പോലുമുണ്ടാക്കി അതിന്റെ സാധ്യതകളെ പോലും ഉപയോഗപ്പെടുത്തി അതിലൂടെ അധികാരത്തിൽ വന്ന ഇടതുപക്ഷ സർക്കാർ ജനകീയ സമരങ്ങളോട് ഇപ്പോൾ കാണിക്കുന്ന അസഹിഷ്ണുത  അത്ഭുതപ്പെടുത്തുന്നതാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു .

Share this story