കൊല്ലപ്പെട്ട പിഎഫ്‌ഐ നേതാവ് സുബൈറിന്റെ പേരിലും ജപ്തി നോട്ടീസ്

subair


പാലക്കാട്: പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിലെ ആക്രമണത്തിന് കൊല്ലപ്പെട്ട പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ പാലക്കാട് എലപ്പുള്ളി സുബൈറിനും കോടതിയുടെ ജപ്തി നോട്ടീസ്. പിഴ അടച്ചില്ലെങ്കില്‍ സുബൈറിന്റെ മുഴുവന്‍ ആസ്തിയും ജപ്തി ചെയ്യുമെന്നാണ് നോട്ടീസില്‍ പറയുന്നത്. 2022 സെപ്തംബര്‍ 23-നാണ് നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഹര്‍ത്താല്‍ നടന്നത്. എന്നാല്‍ 2022 ഏപ്രില്‍ പതിനഞ്ചിന് കൊല്ലപ്പെട്ടയാളാണ് സുബൈര്‍. ഇദ്ദേഹത്തെ കൊലപ്പെടുത്തിയ കേസില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ജൂലൈ 11-നാണ് കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി എസ്. ഷംസുദ്ധീന്‍ കുറ്റപത്രം നല്‍കിയത്. 167 സാക്ഷികളും 208 പ്രധാന രേഖകളുമുള്ള 971 പേജ് കുറ്റപത്രമാണ് തയ്യാറാക്കിയത്. ആര്‍എസ്എസ് ഭാരവാഹികള്‍ അടക്കം ഒന്‍പതു പേരാണ് കേസിലെ പ്രതികള്‍.

സംഭവത്തില്‍ സുബൈറിന്റെ കൂടുംബം പരാതിയുമായി രംഗത്ത് എത്തിയിട്ടുണ്ട്. സുബൈറിന്റെ കുടുംബത്തിന് പതിനഞ്ച് ലക്ഷത്തിന്റെ സ്വത്ത് മാത്രമേയുള്ളൂ എന്നാണ് കുടുംബം പറയുന്നത്. ജപ്തി ചെയ്യേണ്ടവരുടെ പട്ടിക തയ്യാറാക്കിയപ്പോള്‍ പൊലീസിന് സംഭവിച്ച പിഴവാണ് പരേതന്റെ പേരില്‍ ജപ്തി നോട്ടീസ് വരാന്‍ കാരണം എന്ന ആരോപണം ഉയര്‍ന്നു കഴിഞ്ഞു. 


 

Share this story