മലപ്പുറം നിലമ്പൂരിൽ ഒറ്റമൂലി വൈദ്യന്‍റെ കൊലപാതകം; രക്തക്കറ ലഭിച്ചെന്ന് ഫോറൻസിക് സംഘം

google news
Malappuram Nilambur

മലപ്പുറം: നിലമ്പൂരിൽ കൊല്ലപ്പെട്ട ഒറ്റമൂലി വൈദ്യന്‍റെ രക്തക്കറ ലഭിച്ചെന്ന് ഫോറൻസിക് സംഘം. ഡിഎൻഎ പരിശോധനക്ക് ആവശ്യമായ സാമ്പിളുകൾ ലഭിച്ചുവെന്നും ഉടൻ പരിശോധന ഫലം ലഭ്യമാകുമെന്നും അന്വേഷണം സംഘം അറിയിച്ചു. അതേസമയം, കേസിലെ പ്രതി ഷൈബിൻ അഷ്‌റഫിന് നിയമോപദേശം നൽകിയെന്ന് ആരോപണം നേരിടുന്ന മുൻ പൊലീസ് ഉദ്യോഗസ്ഥന് നോട്ടീസ് നൽകാൻ അന്വേഷണ സംഘം തീരുമാനിച്ചു.

രണ്ട് വർഷം മുമ്പ് വൈദ്യനെ കൊലപ്പെടുത്തിയ ശേഷം വീട്ടിലെ കുളിമുറിയിൽ വച്ചാണ് വെട്ടി മുറിച്ചു കഷ്ണങ്ങളാക്കി എന്നായിരുന്നു നൗഷാദിന്റെ മൊഴി. ഷാബാ ഷെരീഫിനെ കൊലപ്പെടുത്തിയ ശേഷം, മൃതദേഹം കഷ്ണങ്ങളാക്കിയ കുളിമുറി, രൂപമാറ്റം വരുത്തിയെന്നാണ് അന്വേഷണ സംഘത്തിന്‍റെ നിഗമനം. കുളിമുറിയുടെ ടൈലുകൾ മാറ്റിയ നിലയിലാണ്. രക്തക്കറയും മറ്റു ആവശിഷ്ടങ്ങളും കണ്ടെത്താൻ ഷൈബിൻ അഷ്‌റഫിന്റെ ഇരുനില വീടിന്റെ കുളിമുറിയിൽ നിന്നും പുറത്തേക്കുള്ള പൈപ്പുകളുടെ ഭാഗങ്ങൾ മുറിച്ചു ഫോറൻസിക് സംഘം സാമ്പിൾ ശേഖരിച്ചിട്ടുണ്ട്. 

എന്നാല്‍, കൊലപ്പെടുത്താൻ ഉപയോഗിച്ച ആയുധങ്ങൾ കണ്ടെത്താനായിട്ടില്ല. പരമാവധി ശാസ്ത്രീയ തെളിവുകൾ ശേഖരിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. മൃതദേഹം വലിച്ചെറിഞ്ഞെന്ന് പറയുന്ന എടവണ്ണ സീതി ഹാജി പാലത്തിലും അടുത്ത ദിവസം നൗഷാദിനെ തെളിവെടുപ്പിന് എത്തിക്കും. റിമാൻഡിലുള്ള മുഖ്യ പ്രതി ഷൈബിൻ അശ്‌റഫിനെയും മറ്റു രണ്ടു പേരെയും കസ്റ്റഡിയിൽ ലഭിക്കാൻ അടുത്ത ദിവസം പൊലീസ് അപേക്ഷ നൽകും. പിടിയിലാകാനുള്ള നാല് പ്രതികൾ തമിഴ്നാട്ടിലേക്ക് കടന്നെന്നാണ് സൂചന.

2019 ലാണ് മൈസൂർ സ്വദേശിയായ വൈദ്യൻ ഷാബാ ഷെരീഫിനെ പ്രവാസി വ്യവസായി നിലമ്പൂർ കൈപ്പഞ്ചേരി സ്വദേശി ഷൈബിൻ അഷ്‌റഫിന്റെ നേതൃത്വത്തിലെ സംഘം നിലമ്പൂരിലേക്ക് തട്ടിക്കൊണ്ട് വന്നത്. മൈസൂരിലെ ഒരു രോഗിയെ ചികിത്സിക്കാനെന്ന പേരിൽ ചികിത്സാ കേന്ദ്രത്തിൽ നിന്ന് വൈദ്യനെ കൂട്ടിക്കൊണ്ടു വന്ന ശേഷം നിലമ്പൂരിലെത്തിക്കുകയായിരുന്നു. മൂലക്കുരു ചികിത്സക്കുള്ള ഒറ്റമൂലി മനസ്സിലാക്കി അത് വിപണനം ചെയ്യുകയായിരുന്നു മുഖ്യ പ്രതിയുടെ ലക്ഷ്യം. 

ഒന്നേ കാൽ വ‍ര്‍ഷത്തോളം നിലമ്പൂരിലെ വീട്ടിൽ തടവിലിട്ട് വൈദ്യനെ പ്രതികൾ ക്രൂരമായി പീഡിപ്പിച്ചു. വീട്ടിൽ ശുചിമുറിയോട് കൂടിയ മുറി പ്രത്യേകം സജ്ജമാക്കിയാണ് ഒറ്റമൂലി വൈദ്യനെ തടവിൽ പാർപ്പിച്ചത്. 2020 ഒക്ടോബറിൽ ചികിത്സാ രഹസ്യം ചോർത്തിയെടുക്കാനുള്ള മർദ്ദനത്തിനിടെ ഷാബാ ഷെരീഫ് കൊല്ലപ്പെട്ടു. തുടർന്ന് ഷൈബിനും കൂട്ടാളികളും മൃതദേഹം പല കഷ്ണങ്ങളാക്കി മലപ്പുറം എടവണ്ണ സീതിഹാജി പാലത്തിൽ നിന്നും ചാലിയാറിലേക്ക്  എറിഞ്ഞു. 

Tags