വൈസ് ചാൻസലർ നിയമനങ്ങളിൽ പിടിമുറുക്കാൻ സർക്കാർ ഓർഡിനൻസിലേക്ക്

google news
pinarayi8

തിരുവനന്തപുരം : സർവകലാശാല വൈസ് ചാൻസലർ നിയമനങ്ങളിൽ പിടിമുറുക്കാൻ സർക്കാർ ഓർഡിനൻസിലേക്ക്. ഒക്ടോബർ അവസാനം ഒഴിവ് വരുന്ന കേരള സർവകലാശാല വി.സി പദവിയിൽ നിയമനത്തിന് മുമ്പ് നിയമനരീതിയിൽ മാറ്റം കൊണ്ടുവരാൻ ലക്ഷ്യമിട്ടാണ് ഓർഡിനൻസിനുള്ള നീക്കം. ഡോ.എൻ.കെ. ജയകുമാർ അധ്യക്ഷനായ സർവകലാശാല നിയമപരിഷ്കരണ കമീഷൻ സമർപ്പിച്ച റിപ്പോർട്ടിലെ ശിപാർശ നടപ്പാക്കുന്നതിന്‍റെ ഭാഗമായാണ് ഓർഡിനൻസ് പരിഗണിക്കുന്നത്.

വി.സി നിയമനത്തിൽ ചാൻസലറായ ഗവർണർക്കുള്ള അധികാരം നിയന്ത്രിക്കുന്ന രീതിയിലാണ് ശിപാർശ. വി.സിയെ കണ്ടെത്താനുള്ള മൂന്നംഗ സെർച് കം സെലക്ഷൻ കമ്മിറ്റിയിലെ ഭൂരിപക്ഷം അംഗങ്ങൾ സമർപ്പിക്കുന്ന പാനൽ കമ്മിറ്റിയുടെ ഔദ്യോഗിക പാനലായി ഗവർണർക്ക് സമർപ്പിക്കണമെന്നാണ് റിപ്പോർട്ടിൽ നിർദേശിക്കുന്നത്. നിലവിൽ മൂന്നംഗ കമ്മിറ്റിക്ക് ഐകകണ്ഠ്യേനയോ വെവ്വേറെയോ പേരുകൾ നിർദേശിച്ച് പാനൽ സമർപ്പിക്കാം. ഇതിൽനിന്ന് ഗവർണർക്ക് വി.സിയെ നിയമിക്കാം.

കമീഷൻ ശിപാർശ പ്രകാരം മൂന്നംഗ കമ്മിറ്റിയിലെ രണ്ടുപേർ സമാന പാനൽ സമർപ്പിച്ചാൽ ഔദ്യോഗിക പാനലായി മാറുകയും അത് മാത്രം ഗവർണറുടെ പരിഗണനക്ക് അയക്കുകയും ചെയ്യണം. മൂന്നംഗ സെർച് കമ്മിറ്റിയിൽ ചാൻസലറുടെ പ്രതിനിധിയെ സർക്കാർ ശിപാർശ പ്രകാരം ചാൻസലർ നിയമിക്കണമെന്ന ഭേദഗതിയും കമീഷൻ നിർദേശിച്ചിട്ടുണ്ട്. പുതിയ വ്യവസ്ഥ വരുന്നതോടെ സർക്കാറിന് താൽപര്യമുള്ളയാളെ ചാൻസലറുടെ പ്രതിനിധിയായി നിയമിക്കാനാകും.

സെർച് കമ്മിറ്റിയിലെ യു.ജി.സി പ്രതിനിധി വ്യത്യസ്ത പാനൽ മുന്നോട്ടുവെച്ചാലും ചാൻസലറുടെ പ്രതിനിധിയും സർവകലാശാല പ്രതിനിധിയും സമാന പാനൽ കൊണ്ടുവന്നാൽ ഔദ്യോഗിക പാനലായി മാറും. കേരള സർവകലാശാലയിൽ വി.സി നിയമനത്തിനുള്ള സർവകലാശാല പ്രതിനിധിയായി ആസൂത്രണബോർഡ് വൈസ് ചെയർമാൻ ഡോ.വി.കെ. രാമചന്ദ്രനെ രണ്ടാഴ്ച മുമ്പ് ചേർന്ന സെനറ്റ് യോഗം തെരഞ്ഞെടുത്തിട്ടുണ്ട്. ഇതിന് പിന്നാലെയാണ് വി.സി നിയമനത്തിന് വിജ്ഞാപനം പുറപ്പെടുവിക്കും മുമ്പ് ഓർഡിനൻസ് കൊണ്ടുവരാൻ സർക്കാർതലത്തിൽ നീക്കം തുടങ്ങിയത്.

നേരത്തേ കാലിക്കറ്റ്, കണ്ണൂർ, കാലടി സർവകലാശാല വി.സി നിയമനങ്ങളിൽ ഗവർണർ സർക്കാർ നോമിനിയെ നിയമിക്കാൻ തയാറാകാതിരുന്നത് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. കണ്ണൂർ വി.സിയുടെ പുനർനിയമനത്തിലും കാലടി വി.സി നിയമനത്തിലും സർക്കാർ നീക്കത്തിനെതിരെ ഗവർണർ പരസ്യവിമർശനവും നടത്തിയിരുന്നു. കേരള വി.സി നിയമനത്തിൽ ഇത് ആവർത്തിക്കരുതെന്ന ലക്ഷ്യത്തിലാണ് ഓർഡിനൻസ് നീക്കം.
 

Tags