കരിപ്പൂര്‍ വിമാനത്താവളത്തില്‍ "ഓപ്പറേഷന്‍ ടൊര്‍ണാഡോ" : ഒറ്റ ദിവസം കൊണ്ട് 13 യാത്രക്കാരില്‍നിന്ന് 10 കിലോ സ്വര്‍ണം പിടിച്ചെടുത്ത് കസ്റ്റംസ്
gold

കൊച്ചി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഓപ്പറേഷന്‍ ടൊര്‍ണാഡോയുമായി കസ്റ്റംസ്. ഒറ്റ ദിവസം കൊണ്ട് 13 യാത്രക്കാരില്‍നിന്ന് 10 കിലോ സ്വര്‍ണം പിടിച്ചെടുത്തു.വിപണിയില്‍ നാലരക്കോടി രൂപയിലധികം വില വരുന്നതാണീ സ്വര്‍ണം. ദുബായ്, അബുദാബി, സൗദി, ബഹ്റൈന്‍, ഖത്തര്‍ എന്നിവിടങ്ങളില്‍നിന്നുള്ള യാത്രക്കാരില്‍ നിന്നാണ് ദേഹത്ത് ഒളിപ്പിച്ച നിലയില്‍ സ്വര്‍ണം കണ്ടെത്തിയത്. കൊച്ചിയില്‍നിന്നുള്ള കസ്റ്റംസ് ഹെഡ്ക്വാര്‍ട്ടേഴ്സ് പ്രിവന്റീവ് യൂണിറ്റ്, കരിപ്പൂര്‍ കസ്റ്റംസ് പ്രിവന്റീവ്, എയര്‍ ഇന്റലിജന്‍സ് യൂണിറ്റ് എന്നിവയില്‍നിന്നുള്ള 20 അംഗ ഉദ്യോഗസ്ഥരാണ് ഓപ്പറേഷന്‍ ടൊര്‍ണാഡോയുടെ ഭാഗമായത്.വിമാനത്താവളത്തില്‍ അടുത്തിടെ നടന്നതില്‍ ഏറ്റവും വലിയ സ്വര്‍ണ വേട്ടയാണിത്.

സ്വര്‍ണ മിശ്രിതമാണ് ഭൂരിഭാഗം യാത്രക്കാരും ദേഹത്ത് ഒളിപ്പിച്ചിരുന്നത്. പിടിച്ചെടുത്തതില്‍ 24 കാരറ്റിന്റെ മുന്നൂറ് ഗ്രാം ആഭരണങ്ങളുമുണ്ട്. കരിപ്പൂര്‍ കേന്ദ്രീകരിച്ചുള്ള സ്വര്‍ണക്കടത്ത് അടുത്തിടെ കൂടിയിട്ടുണ്ട്. ഇതാണ് മിന്നല്‍ പരിശോധനയ്ക്ക് കസ്റ്റംസ് സംഘം ഇറങ്ങിയതിനു പിന്നില്‍.

മറ്റൊരു സംഭവത്തില്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ മൂന്നു യാത്രക്കാരില്‍നിന്നായി 2,964 ഗ്രാം സ്വര്‍ണമിശ്രിതം കരിപ്പൂര്‍ കസ്റ്റംസ് വിഭാഗം പിടികൂടി. കാപ്സ്യൂള്‍ രൂപത്തിലാക്കി ശരീരത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണമിശ്രിതം. ജിദ്ദയില്‍നിന്ന് കോഴിക്കോട്ടെത്തിയ വിമാനത്തിലെ യാത്രക്കാരാണ് പിടിയിലായത്.

മലപ്പുറം അകമ്പാടം എരഞ്ഞിമങ്ങാട് സ്വദേശി തോട്ടശ്ശേരി നൗഷാദില്‍(39)നിന്ന് 842 ഗ്രാം, മഞ്ചേരി തോട്ടേക്കാട് തടിക്കുന്നത്ത് വീട്ടില്‍ പള്ളിയാലില്‍ മുസ്തഫയില്‍(42)നിന്ന് 957 ഗ്രാം, കൂട്ടിലങ്ങാടി തറമ്പന്‍ അബ്ദുള്‍ നാസറില്‍(38)നിന്ന് 1,165 ഗ്രാം എന്നിങ്ങനെയാണ് സ്വര്‍ണമിശ്രിതം പിടിച്ചത്. വന്‍തോതില്‍ സ്വര്‍ണം കടത്തുന്നുണ്ടെന്ന വിവരത്തെത്തുടര്‍ന്നാണ് പരിശോധന നടത്തിയത്. പരിശോധന 13 മണിക്കൂര്‍ നീണ്ടു.

Share this story