ഇടുക്കി ഡാം തുറക്കല്‍; പെരിയാര്‍ തീരത്ത് ജാഗ്രതാ നിര്‍ദേശം
peechi dam
. പെരിയാറിന്റെ നിലവിലെ സാഹചര്യത്തില്‍ ഇടുക്കി ഡാം തുറന്നാലും ആശങ്കപ്പെടേണ്ട കാര്യമില്ലെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ വിലയിരുത്തല്‍.

ഇടുക്കി ഡാം തുറന്നാല്‍ എറണാകുളം ജില്ലയില്‍ സ്വീകരിക്കേണ്ട എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചതായി ജില്ലാ ഭരണകൂടം. പെരിയാര്‍ തീരത്ത് ജാഗ്രത നിര്‍ദേശം നല്‍കി. അടിയന്തര ഘട്ടം വന്നാല്‍ പെരിയാര്‍ തീരത്തുള്ളവരെ മാറ്റി താമസിപ്പിക്കാന്‍ തഹസില്‍ദാര്‍മാര്‍ക്ക് ചുമതല നല്‍കി. പെരിയാറിന്റെ നിലവിലെ സാഹചര്യത്തില്‍ ഇടുക്കി ഡാം തുറന്നാലും ആശങ്കപ്പെടേണ്ട കാര്യമില്ലെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ വിലയിരുത്തല്‍.
വൃഷ്ടിപ്രദേശത്ത് മഴ ശക്തമാകാത്തതിനാല്‍ പെരിയാറിലെ ജലനിരപ്പ് താഴുകയാണ്. ഇടുക്കി ഡാം തുറന്നാല്‍,കുറഞ്ഞ അളവില്‍ ആയിരിക്കും വെള്ളം പുറത്തേക്ക് ഒഴുക്കുന്നത്. 500 ക്യൂബിക് മീറ്റര്‍ പെര്‍ സെക്കന്റ് ജലം വരെ തുറന്ന് വിട്ടാല്‍ പെരിയാറില്‍ കാര്യമായി വ്യത്യാസമുണ്ടാവാനിടയില്ലെന്നാണ് വിലയിരുത്തല്‍. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ അത്രയും ജലം തുറന്ന് വിടേണ്ടതുമില്ല.

2021 ഇല്‍ 100 ക്യൂമെക്‌സ് ജലമാണ് ഇടുക്കി ഡാമില്‍ നിന്ന് തുറന്നു വിട്ടത്. ലോവര്‍ പെരിയാറിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ സംഭരിക്കുകയും വൈദ്യുതി ഉത്പാദിപ്പിക്കുകയും ചെയ്ത ശേഷം 40 ക്യൂമെക്‌സ് ജലം മാത്രമാണ് അന്ന് താഴേക്ക് ഒഴുകിയെത്തിയത്. ഇടമലയാര്‍ ഡാമില്‍ ഓറഞ്ച് അലേര്‍ട്ടാണ് നിലവില്‍.
ഇടുക്കി ഡാം തുറന്ന് വെള്ളം പെരിയാറിലെത്തിയാലും ജലം സുഗമമായി ഒഴുകി പോകും. കടലിലേക്ക് വെള്ളം ഒഴുകിപോകുന്നതിനുള്ള നദീമുഖങ്ങളെല്ലാം തുറന്ന നിലയിലാണ്. അതിനാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ല ഭരണകൂടം വ്യക്തമാക്കി.

പെരിയാര്‍ നദിയും കൈവഴികളും ഉദ്യോഗസ്ഥരുടെ പൂര്‍ണ നിരീക്ഷണത്തില്‍ ആണ്.

Share this story