പുതിയ ആഭ്യന്തര കാർഗോ ടെർമിനൽ : തിരുവനന്തപുരത്ത് പ്രവർത്തനം ആരംഭിച്ചു

google news
trivandrum

തിരുവനന്തപുരം : തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ പുതിയ ആഭ്യന്തര കാർഗോ ടെർമിനൽ പ്രവർത്തനം തുടങ്ങി. ശംഖുമുഖത്തെ ആഭ്യന്തര ടെർമിനലിനു സമീപമാണ് പുതിയ കാർഗോ സമുച്ചയം. ഏകദേശം 600 ചതുരശ്ര മീറ്റർ വിസ്തീർണവും പ്രതിവർഷം 3500 മെട്രിക് ടണ്ണിൽ കൂടുതൽ കൈകാര്യം ചെയ്യാനുള്ള ശേഷിയുമുള്ള  കാർഗോ ടെർമിനൽ 24 മണിക്കൂറും പ്രവർത്തിക്കും. കേരളത്തിന്റെയും തമിഴ്നാടിന്റെയും തെക്കൻ ജില്ലകളിൽനിന്നുള്ള ചരക്കുനീക്കം വേഗത്തിലാക്കാൻ പുതിയ ടെർമിനൽ വഴിയൊരുക്കും.

ചരക്കുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് ആധുനിക സജ്ജീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. സാധനങ്ങൾ കേടാകാതെ സൂക്ഷിക്കാൻ 15 മുതൽ 25 ഡിഗ്രി സെന്റിഗ്രേഡ് വരെ താപനില നിയന്ത്രണ സൗകര്യം ഒരുക്കിയിട്ടുണ്ട്. കസ്റ്റംസ്, ബിസിഎഎസ്, മറ്റു റെഗുലേറ്ററി ഏജൻസികൾ എന്നിവയിൽ നിന്നുള്ള മുതിർന്ന പ്രതിനിധികളുടെയും വിമാനത്താവളത്തിലെ മുതിർന്ന ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലാണ് പുതിയ കാർഗോ സൗകര്യം ഉദ്ഘാടനം ചെയ്തത്. ഇൻഡിഗോ കാർഗോ പുതിയ ടെർമിനൽ വഴി പ്രവർത്തനം ആരംഭിച്ചു.
 

Tags