പോപ്പുലർ ഫ്രണ്ട് ഓഫീസുകളിലെ എൻഐഎ റെയ്ഡ് : 106 പേർ കസ്റ്റഡിയിൽ
nia

തിരുവനന്തപുരം : കേരളമടക്കം പതിനൊന്ന് സംസ്ഥാനങ്ങളിലെ പോപ്പുലർ ഫ്രണ്ട് ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും എൻഐഎ നടത്തിയ  റെയ്ഡിന് പിന്നാലെ നിരവധിപ്പേ‍ര്‍ കസ്റ്റഡിയിൽ. കേരളത്തിൽ നിന്നടക്കം 106 പേർ കസ്റ്റഡിയിലായെന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം. കേരളത്തിൽ നിന്നും പോപ്പുലർ ഫ്രണ്ട് ദേശീയ പ്രസിഡന്റ് സംസ്ഥാന പ്രസിഡന്റ് അടക്കമുള്ള നേതാക്കളെയാണ് ദേശീയ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. ദേശീയ പ്രസിഡന്റ് ഒഎംഎ സലാം, സംസ്ഥാന പ്രസിഡന്റ് സിപി മുഹമ്മദ്‌ ബഷീർ, ദേശീയ ജനറൽ സെക്രട്ടറി നസറുദീൻ എളമരം അടക്കമുള്ള നേതാക്കൾ എൻഐഎയുടെ കസ്റ്റഡിയിലാണ്. കേരളത്തിലും ദില്ലിയിലും രജിസ്റ്റർ ചെയ്ത കേസുകളിലാണ് എൻഐഎ നടപടി. റെയ്ഡിനെതിരെ  ഓഫീസുകൾക്ക് മുന്നിലും നേതാക്കളുടെ വീടുകൾക്ക് മുന്നിലും പ്രവർത്തകർ പ്രതിഷേധിക്കുകയാണ്. ആ‍ര്‍ എസ് എസ് അജണ്ടയാണ് നടപ്പാക്കുന്നതെന്നും നേതാക്കളെ വിട്ടയച്ചില്ലെങ്കിൽ നാളെ ഹ‍ര്‍ത്താൽ നടത്തുമെന്നുമാണ് പോപ്പുല‍ര്‍ ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി എ അബ്ദുൾ സത്താറിന്റെ പ്രതികരണം. 

ഇന്ന് പുലർച്ചെയാണ് പോപ്പുല‍ഫ്രണ്ട് ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും റെയ്ഡ് തുടങ്ങിയത്. പോപ്പുലർ ഫ്രണ്ട് ഓഫീസുകളിൽ രാജ്യവ്യാപകമായി എൻഐഎ നടത്തുന്ന റെയിഡുകളിൽ ഇതുവരെ 106 പേർ അറസ്റ്റിലായതായാണ് പിടിഐ റിപ്പോർട്ട് ചെയ്യുന്നത്. ഭീകരവാദത്തെ സഹായിക്കുന്നവരെന്ന് സംശയിക്കുന്നവരുടെ വീടുകളിലും ഓഫീസുകളിലുമാണ് എൻഐഎ വ്യാപക റെയിഡ് നടത്തിയത്. കേരളത്തിൽ നിന്ന് 22 പേരെയും, കർണാടകം, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നായി 20 പേരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.  ഇന്ത്യയിൽ പോപ്പുലർ ഫ്രണ്ടിന് നേരെ ഇന്നോളം നടന്നിട്ടുള്ളതിൽ ഏറ്റവും വലിയ അന്വേഷണ നടപടിയാണ് ഇപ്പോൾ പുരോഗമിച്ചുകൊണ്ടിരിക്കുന്നത്.

തിരുവനന്തപുരത്ത് പോപ്പുല‍ര്‍ ഫ്രണ്ടിന്റെ മണക്കാട്ടുള്ള ജില്ലാ കമ്മിറ്റി ഓഫീസിലും  പിഎഫ്ഐ നേതാവ് അഷറഫ് മൗലവിയുടെ പൂന്തുറയിലെ വീട്ടിലും എൻഐഎ പരിശോധന നടന്നു. ഓഫീസിന് മുന്നിൽ പ്രവ‍ര്‍ത്തക‍‍ർ പ്രതിഷേധ മുദാവാക്യം വിളിച്ചു. ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനങ്ങൾ തടയാനും ശ്രമമുണ്ടായി. നാല് മൊബൈലും മൂന്ന് ബുക്കുകളും 6 ലഘുലേഖ എന്നിവയാണ് എൻഐഎ എടുത്തതെന്നാണ് ജില്ലാ പ്രസിഡന്റ് അബ്ദുൾ റഷീദ് വിശദീകരിച്ചത്. 

മലപ്പുറത്ത് വ്യാപക റെയ്ഡ്. മലപ്പുറത്തെ വീടുകളിൽ നിന്നാണ് പിഎഫ്ഐ  ദേശീയ പ്രസിഡന്റ് ഒഎംഎ സലാം, സംസ്ഥാന പ്രസിഡന്റ് സിപി മുഹമ്മദ് ബഷീർ എന്നിവരെ കസ്റ്റഡിയിലെടുത്തത്.  മഞ്ചേരിയിൽ റോഡ് ഉപരോധിച്ച് പ്രവ‍ര്‍ത്തകര്‍ പ്രതിഷേധിച്ചു. ഇവരെ അറസ്റ്റ് ചെയ്ത് നീക്കി. 

തൃശൂ‍ര്‍ ചാവക്കാട് തെക്കഞ്ചേരിയിലെ യൂണിറ്റി ഹൗസിലാണ് റെയ്ഡ് നടന്നത്. സംസ്ഥാന ജനറൽ സെക്രട്ടറിപി കെ ഉസ്മാന്റെ കേച്ചേരിയിലെ വീട്ടിലും റെയ്ഡ് നടന്നു. പി കെ ഉസ്മാനെ കസ്റ്റഡിയിൽ എടുത്തു. പോപ്പുലർ ഫ്രണ്ട് സംസ്ഥാന സമിതി അംഗമായ പെരുമ്പിലാവ് സ്വദേശി യഹിയ തങ്ങളെയും എൻഐഎ കസ്റ്റഡിയിലെടുത്തു. പെരുമ്പിലാവിലെ വീട്ടിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. 

കോഴിക്കോട്ട് മീഞ്ചന്തയിലെ സംസ്ഥാന കമ്മിറ്റി ഓഫീസിലും കൊടുവള്ളിയിൽ മുൻ ചെയർമാൻ അബൂബക്കറിന്റെ വീട്ടിലും എൻഐഎ പരിശോധനയുണ്ടായി. കോഴിക്കോട് നിന്ന് പി എഫ് ഐ നേതാവ് പ്രൊഫ. പി കോയ യെ കസ്റ്റഡിയിൽ എടുത്തു. കേന്ദ്രസേനയുടെ വാഹനങ്ങൾ തടഞ്ഞ്  സ്ഥലത്ത് പ്രവ‍ര്‍ത്തകരുടെ ഉപരോധം പുരോഗമിക്കുകയാണ്. 

പത്തനംതിട്ടയിൽ ജില്ലാ പ്രസിഡന്റ്‌ സാദിഖ് മുഹമ്മദ്‌ ന്റെ വീട്ടിലും എൻഐഎ പരിശോധന നടത്തി. പ്രവ‍ര്‍ത്തക‍ര്‍ പ്രതിഷേധിച്ചു. എറണാകുളത്ത് പോപ്പുലർ ഫ്രണ്ട് വൈസ് പ്രസിഡണ്ട്  ഇ എം അബ്ദുൾ റഹ്മാന്റെ വീട്ടിലും പരിശോധനയുണ്ടായി. സംസ്ഥാന വൈസ് പ്രസിഡന്റിന്റെ വീട്ടിലെ പരിശോധന ഇപ്പോഴും തുടരുകയാണ്. എൻ ഐ എ യ്ക്ക് എതിരെ പ്രവർത്തക‍ര്‍ സ്ഥലത്ത് മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. 

Share this story