സോണിയാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും എതിരായ ഇഡി നടപടിയില്‍ പ്രതിഷേധം രേഖപ്പെടുത്താന്‍ നാളെ രാജ്ഭവന്‍ മാര്‍ച്ച് ; കെ സുധാകരന്‍
k sudhakaran
നാഷണൽ ഹെറാള്‍ഡ് കോൺഗ്രസിന്‍റേത് മാത്രമാണ്. നെഹ്റുവിന്റെ സ്മരണ പോലും ബിജെപിയെ വിറളി പിടിപ്പിക്കുന്നു.

തിരുവനന്തപുരം: സോണിയാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും എതിരായ ഇഡി നടപടിയില്‍ പ്രതിഷേധിച്ച് കെപിസിസിയുടെ നേതൃത്വത്തില്‍ നാളെ രാജ്ഭവന്‍ മാര്‍ച്ച് സംഘടിപ്പിക്കും. ദില്ലിയിൽ കോൺഗ്രസിനെ അപമാനിക്കാൻ കേന്ദ്രനീക്കം നടക്കുകയാണെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ അഭിപ്രായപ്പെട്ടു.

നാഷണൽ ഹെറാള്‍ഡ് കോൺഗ്രസിന്‍റേത് മാത്രമാണ്. നെഹ്റുവിന്റെ സ്മരണ പോലും ബിജെപിയെ വിറളി പിടിപ്പിക്കുന്നു. കോൺഗ്രസിനെ ഇല്ലാതാക്കാനുള്ള രാഷ്ട്രീയ പാപ്പരത്തമാണ് ഇപ്പോള്‍ നടക്കുന്നത്. ബിജെപിയുടെ തനി നിറം തുറന്ന് കാണിക്കുന്ന സമരങ്ങൾ കോൺഗ്രസ് സംഘടിപ്പിക്കും. ഇതിന്‍റെ ഭാഗമായാണ് നാളെ എല്ലാ സംസ്ഥാനങ്ങളിലും രാജ്ഭവന്‍ മാര്‍ച്ച് സംഘടിപ്പിക്കാനുള്ള എഐസിസി തീരുമാനമെന്നും കെ സുധാകരന്‍ പറ‌ഞ്ഞു.

നാഷണൽ ഹെറാൾഡ് കേസിൽ രാഹുല്‍ ഗാന്ധിയെ ഇഡി ചോദ്യം ചെയ്യുന്നതിനെതിരായ കോണ്‍ഗ്രസ് പ്രതിഷേധം ദില്ലിയിൽ ഇന്നും സംഘര്‍ഷത്തിലേക്ക് നയിച്ചു. എഐസിസി ആസ്ഥാനത്ത് കയറി പ്രതിഷേധക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതാണ് സംഘര്‍ഷത്തിന് ഇടയാക്കിയത്.

 കോണ്‍ഗ്രസ് ആസ്ഥാനത്തേക്ക് പൊലീസ് കയറിയതിൽ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. ഛത്തീസ്ഘട്ട് മുഖ്യമന്ത്രിയടക്കം കുത്തിയിരുന്ന് പ്രതിഷേധിച്ചു. അതേസമയം, എഐസിസി ആസ്ഥാനത്ത് പൊലീസ് നടപടിയുണ്ടായിട്ടില്ലെന്ന് സെപ്ഷ്യ ൽ കമ്മീഷണർ ഡോ. സാഗർ പ്രീത് ഹൂഢാ വിശദീകരിച്ചു. സംഘര്‍ഷ സാധ്യത കണകക്കിലെടുത്ത് പ്രദേശത്ത് സുരക്ഷ ശക്തമാക്കി.

Share this story