പാമ്പും കോണിയും കളിയിലൂടെ സാമ്പത്തിക സാക്ഷരതയുമായി നബാർഡും കേരള ബാങ്കും

google news
dfghb

കൽപ്പറ്റ: മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ സാമ്പത്തിക സാക്ഷരത നൽകുക എന്ന ലക്ഷ്യവുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആരംഭിച്ച പാമ്പും കോണിയും കളിയിലൂടെ സാമ്പത്തിക സാക്ഷരത എന്ന പരിപാടി ശ്രദ്ധേയമാവുന്നു. തിയറിയും പ്രാക്ടിക്കലും സമന്വയിക്കുന്ന മെത്തഡോളജിയുമായെത്തിയ പാമ്പും കോണിയും കളിയിൽ കുട്ടികൾ ഉത്സാഹത്തോടെയാണ് പങ്കെടുക്കുന്നത്. ഒരു ബാങ്ക് അക്കൗണ്ട് തുടങ്ങുമ്പോൾ കോണി കയറാമെങ്കിൽ വായ്പാ അടവു തെറ്റിയാലും ഒ.ടി.പി മറ്റുള്ളവർക്ക് ഷെയർ ചെയ്താലും വരവിനേക്കാൾ കൂടുതൽ ചിലവു ചെയ്താലും പാമ്പു വിഴുങ്ങുമെന്നരീതിയിലാണ് കളി മുന്നോട്ട് പോകുന്നത്. വായ്പ കൃത്യമായി തിരിച്ചടക്കുമ്പോൾ കോണി കയറാം. പാമ്പും കോണിയും കളിയിൽ പങ്കെടുക്കുന്ന കുട്ടിയുടെ ഓരോ ചുവടുവെപ്പും ഓരോ സാമ്പത്തിക സാക്ഷരതാ സന്ദേശം നൽകുന്നുവെന്നതാണ് പരിപാടിയുടെ പ്രത്യേകത.

നബാർഡിന്റെയും കേരള ബാങ്ക് മുട്ടിൽ ശാഖയുടേയും സംയുക്താഭിമുഖ്യത്തിൽ തൃക്കൈപ്പറ്റ ഗവ. ഹൈസ്‌കൂളിൽ നടന്ന പരിപാടി നബാർഡ് ജനറൽ മാനേജർ ആർ ശങ്കർ നാരായൺ ഉദ്ഘാടനം ചെയ്തു.
നബാർഡ് എ.ജി.എം വി ജിഷ അധ്യക്ഷത വഹിച്ചു. കേരള ബാങ്ക് ഡെപ്യൂട്ടി ജനറൽ മാനേജർ കെ ദിനേശൻ, സീനിയർ മാനേജർ കെ കെ റീന എന്നിവർ പ്രസംഗിച്ചു. എഫ്.എൽ.സി കൗൺസിലർ ഗിലി ജോർജ് പരിപാടിക്ക് നേതൃത്വം നൽകി. സ്‌കൂൾ പ്രധാനധ്യാപിക ശ്രീജ സ്വാഗതവും മുട്ടിൽ ശാഖാ മാനേജർ അബ്ദുൽ മൻസൂർ നന്ദിയും പറഞ്ഞു.

Tags