മൂവാറ്റുപുഴ റോഡിലെ ഗർത്തം : ഗതാഗതം വൈകിട്ടോടെ പുനസ്ഥാപിക്കും

google news
moovattupuzha gartham

കോട്ടയം : മഴ ശക്തമായതിന് പിന്നാലെ ഗർത്തം രൂപപ്പെട്ട മൂവാറ്റുപുഴ പാലം അപ്രോച്ച് റോഡ് വൈകിട്ടോടെ ഗതാഗത യോഗ്യമാക്കും. ഗർത്തം കോൺക്രീറ്റും മെറ്റലും ഉപയോഗിച്ച് മൂടുന്ന പ്രവർത്തികൾ പുരോഗമിക്കുകയാണ്. ഇതുവഴിയുള്ള ഗതാഗതം വൈകിട്ടോടെ പുനസ്ഥാപിക്കാൻ കഴിയുമെന്നാണ് കരുതുന്നതെന്ന് മാത്യു കുഴൽനാടൻ എംഎൽഎ അറിയിച്ചു. നിലവിൽ ഗർത്തമുണ്ടായ അപ്രോച്ച് റോഡിലൂടെ ഗതാഗതമില്ല. വാഹനങ്ങൾ വഴി തിരിച്ച് വിടുകയാണ്.

ഗതാഗത നിയന്ത്രണം

പെരുമ്പാവൂര്‍ സൈഡില്‍ നിന്നും എംസി റോഡിലൂടെ കോട്ടയം, തൊടുപുഴ മേഖലയിലേക്ക് പോകേണ്ടവര്‍ക്ക് നെഹ്രു പാര്‍ക്കില്‍ നിന്നും കോതമംഗലം റോഡില്‍ കയറി ചാലിക്കടവ് പാലം കടന്ന് കിഴക്കേക്കര വഴി മുവാറ്റുപുഴ പ്രൈവറ്റ് സ്റ്റാന്‍ഡില്‍ എത്തി യാത്ര തുടരാം.

കോട്ടയം സൈഡില്‍ നിന്നും പെരുമ്പാവൂര്‍ക്ക് പോകേണ്ടവര്‍ക്ക് നിലവിലുള്ള എംസി റോഡിലെ ഒരുവരി ഗതാഗതം ഉപയോഗിക്കാം. അല്ലെങ്കില്‍ എംസി റോഡില്‍ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ് ജംഗ്ഷനില്‍ നിന്നും ഇടത്തോട്ട് തിരിഞ്ഞ് മാറാടി പെരുവംമൂഴി, മഴുവന്നൂര്‍ വഴി തൃക്കളത്തൂരില്‍ എത്തി എംസി റോഡില്‍ പ്രവേശിച്ച് യാത്ര തുടരാം. കൊച്ചി വിമാനത്താവളത്തിലേക്ക് പോകേണ്ടവർക്കും ഈ വഴി ഉപയോഗിക്കാം.

തൊടുപുഴ മേഖലയില്‍ നിന്നും പെരുമ്പാവൂര്‍, എറണാകുളം മേഖലയിലേക്ക് പോകേണ്ടവര്‍ക്ക് ആനിക്കാട് വഴി ചാലിക്കടവ് പാലം കടന്ന് മുവാറ്റുപുഴ നെഹ്റു പാര്‍ക്ക് വഴി യാത്ര തുടരാം. ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ നഗരത്തിലൂടെയുള്ള യാത്ര പരമാവധി ഒഴിവാക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.

Tags