പാരമ്പര്യ വൈദ്യന്റെ കൊലപാതകം : മുഖ്യപ്രതിയുടെ കൂട്ടാളിയായ റിട്ടയേർഡ് പൊലീസുകാരന് നോട്ടീസ്

google news
police

ഒറ്റമൂലി രഹസ്യം അറിയാനായി നടത്തിയ പാരമ്പര്യ വൈദ്യൻ ഷാബാ ഷരീഫിന്റെ കൊലപാതകത്തിലെ അന്വേഷണം മുൻ പൊലീസുകാരനിലേക്കും. മുഖ്യപ്രതി ഷൈബിന്റെ കൂട്ടാളിയായ റിട്ടയേർഡ് പൊലീസുകാരന് നോട്ടീസ് നൽകി. ഷൈബിന്റെ സാമ്പത്തിക ഇടപാടുകൾ കൈകാര്യം ചെയ്ത റിട്ടയേർഡ് എസ്.ഐ സുന്ദരനാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ അന്വേഷണ സംഘം നോട്ടീസ് നൽകിയത്. വയനാട് കോളേരി സ്വദേശിയായ ഇയാൾക്ക് കേണിച്ചിറ പൊലീസ് മുഖേനയാണ് നോട്ടീസ് നൽകിയത്. എന്നാൽ റിട്ട.പോലീസുകാരനായ സുന്ദരൻ ഒളിവിലാണുള്ളത്. ഇയാൾ വീട്ടിൽ ഇല്ലെന്നാണ് കുടുംബം പറയുന്നത്. സർവീസിലിരിക്കെ തന്നെ ഇദ്ദേഹം ഷൈബിന് വേണ്ടി പ്രവർത്തിച്ചിരുന്നു. സർവീസിൽ നിന്ന് ലീവെടുത്ത് ഷൈബിന്റെ മാനേജരെ പോലെ പ്രവർത്തിച്ചിരുന്നതായും വിവരമുണ്ട്.

അതേസമയം, വൈദ്യനെ കൊന്ന കേസിലെ മുഖ്യപ്രതി ഷൈബിൻ അഷ്‌റഫിനെതിരെ കൂടുതൽ ആരോപണങ്ങളുമായി ദുരൂഹ സാഹചര്യത്തിൽ മരിച്ച ബത്തേരി സ്വദേശി ദീപേഷിന്റെ ഭാര്യ രംഗത്തെത്തി. ഭർത്താവിനെ ഷൈബിൻ വധിച്ചെന്ന് സംശയിക്കുന്നതായി ദീപേഷിന്റെ ഭാര്യ മീഡിയ വണ്ണിനോട് പറഞ്ഞു. ഭർത്താവിന്റെ മരണത്തിൽ സംശയം ഉണ്ടായിരുന്നെങ്കിലും കേസുമായി പോകാൻ സാധിച്ചില്ല. സുൽത്താൻ ബത്തേരി പൊലീസ് കേസെടുത്തിരുന്നെങ്കിലും പിന്നീട് ഒത്തുതീർപ്പാക്കിയെന്നും ജിസാ പി ജോസ് ആരോപിച്ചു. ഏറ്റവും നന്നായി നീന്താനറിയാവുന്ന ദീപേഷ് ഒരിക്കലും മുങ്ങി മരിക്കില്ലെന്നും ജിസ വ്യക്തമാക്കി.

Tags