മുല്ലപ്പെരിയാറിലെ 10 ഷട്ടറുകൾ കൂടി തുറന്നു; സെക്കന്‍റിൽ 1870 ഘനയടി വെള്ളം പെരിയാറിലേക്ക്

google news
mullaperiyar

കുമളി: കനത്ത മഴയിൽ നീരൊഴുക്ക് ശക്തമായതിനെ തുടർന്ന് മുല്ലപ്പെരിയാർ അണക്കെട്ടിന്‍റെ നാല് സ്പിൽവേ ഷട്ടറുകൾ (V1, V5, V6 &V10) കൂടി തമിഴ്നാട് തുറന്നു. ഉച്ചക്ക് ഒരു മണിക്ക് മൂന്ന് ഷട്ടറുകളും (V2, V3 & V4) വൈകീട്ട് മൂന്നു മണിക്ക് മൂന്ന് ഷട്ടറുകളും (V7,V8 & V9) 30 സെന്‍റീമീറ്റർ വീതം ഉയർത്തി പെരിയാറിലേക്ക് വെള്ളം ഒഴുക്കിയിരുന്നു.

ആകെ സെക്കന്‍റിൽ 1870.00 ഘനയടി വെള്ളമാണ് പുറത്തുവിടുന്നത്. ആകെയുള്ള 13 സ്പിൽവേ ഷട്ടറുകളിൽ 10 എണ്ണമാണ് നിലവിൽ ഉയർത്തിയിട്ടുള്ളത്. നിലവിൽ 137.60 അടിയാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ്. സെക്കന്‍റിൽ 6200 ഘനയടി വെള്ളമാണ് വൃഷ്ടി പ്രദേശത്ത് നിന്ന് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. ടണൽ വഴി സെക്കന്‍റിൽ 2166 ഘനയടി വെള്ളം തമിഴ്നാട് കൊണ്ടു പോകുന്നു.

പെരിയാർ തീരത്ത് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നും ആവശ്യമായ മുൻകരുതലുകൾ ജില്ല ഭരണകൂടം സ്വീകരിച്ചിട്ടുണ്ടെന്നും കലക്ടർ ഷീബ ജോർജ് അറിയിച്ചു. പെരിയാറിന്റെ ഇരുകരകളിലുമുള്ളവർ ജാഗ്രത പാലിക്കണം. പൊതുജനങ്ങൾ പെരിയാർ തീരപ്രദേശങ്ങളിൽ കുളിക്കാനിറങ്ങുന്നതും മീൻപിടിത്തം നടത്തുന്നതും സെൽഫി, ഫോട്ടോ തുടങ്ങിയവ ചിത്രീകരിക്കുന്നതും കർശനമായും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ നിയന്ത്രിക്കാനും കലക്ടർ നിർദേശിച്ചു.

നീരൊഴുക്ക് ശക്തമായതിനെ തുടർന്ന് വൈകീട്ട് മൂന്നു മണിക്ക് മലമ്പുഴ ഡാമിനെ നാലു ഷട്ടറുകൾ ഉയർത്തിയിരുന്നു. ഷട്ടറുകൾ അഞ്ച് സെ.മി വീതമാണ് ഉയർത്തിയത്. മലമ്പുഴ ഡാമിന്റെ താഴെ ഭാഗത്തുള്ള മുക്കൈപ്പുഴ, കൽപ്പാത്തി പുഴ, ഭാരതപ്പുഴ എന്നിവയുടെ തീരങ്ങളിൽ താമസിക്കുന്നവരും മത്സ്യബന്ധനം നടത്തുന്നവരും ജാ​ഗ്രത പാലിക്കണമെന്ന് ജില്ല കലക്ടർ നിർദേശം നൽകി.

തെന്മല പരപ്പാർ ഡാമിന്‍റെ മൂന്നു ഷട്ടറുകളും തുറന്നിരിക്കുകയാണ്. വെള്ളം കല്ലടയാറ്റിലേക്കാണ് ഒഴുക്കുന്നത്. ഡാമിലെ ജലനിരപ്പ് ഇനിയും ഉയർന്നാൽ 50 സെൻറിമീറ്റർ വരെ ഷട്ടറുകൾ തുറക്കാനാണ് തീരുമാനം. 115.82 മീറ്റർ സംഭരണ ശേഷിയുള്ള ഡാമിൽ വെള്ളിയാഴ്ച ഷട്ടറുകൾ തുറക്കുമ്പോൾ 109 മീറ്ററോളം വെള്ളമെത്തിയിരുന്നു. ഡാം വൃഷ്ടി പ്രദേശങ്ങളിൽ ഇന്നലെ മഴ ശക്തമല്ലെങ്കിലും നീരൊഴുക്ക് ശക്തമാണ്. ഇതുമൂലം കല്ലടയാറ്റിൽ 90 സെൻറി മീറ്റർ വരെ വെള്ളം ഉയരും. ആറിന്‍റെ തീരത്ത് ഉള്ളവർ ജാഗ്രത പുലർത്തണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

അതേസമയം, അണക്കെട്ടുകള്‍ തുറന്നാല്‍ ഉടന്‍ പ്രളയമുണ്ടാകുമെന്ന് വിചാരിക്കരുതെന്ന് റവന്യൂമന്ത്രി കെ. രാജന്‍. ഒറ്റയടിക്കല്ല ഘട്ടം ഘട്ടമായാണ് ഡാമില്‍നിന്നും വെള്ളം തുറന്ന് വിടുന്നതെന്നും അദ്ദേഹം പറഞ്ഞു. 2018ലെ അനുഭവം ഇനി ഉണ്ടാകില്ലെന്നും സമൂഹ മാധ്യമങ്ങളിലെ വ്യാജ പ്രചാരണത്തിന് കേസെടുക്കുമെന്നും മന്ത്രി പറഞ്ഞു.

Tags