മുല്ലപ്പെരിയാര്‍ അണക്കെട്ട് നാളെ തുറന്നേക്കും

google news
mullaperiyar
റൂള്‍ കര്‍വിലെത്താന്‍ ഒരടി മാത്രമാണ് ബാക്കിയുള്ളത്.

ജലനിരപ്പ് 136 അടിയിലെത്തിയ സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് നാളെ തുറന്നേക്കും. റൂള്‍ കര്‍വിലെത്താന്‍ ഒരടി മാത്രമാണ് ബാക്കിയുള്ളത്. തമിഴ്‌നാട് ആദ്യ അറിയിപ്പ് കേരളത്തിന് നല്‍കി. വൃഷ്ടി പ്രദേശത്ത് മഴ കൂടിയതിനാല്‍ നീരൊഴുക്ക് വര്‍ധിച്ചതോടെ അണക്കെട്ടിലെ ജലനിരപ്പ് കൂടുകയായിരുന്നു.
ഇതിനിടെ കനത്തമഴയില്‍ തമിഴ്‌നാട് ഷോളയാറില്‍ നിന്നുള്ള ജലത്തിന്റെ ഒഴുക്ക് കൂടിയതിനാല്‍ കേരള ഷോളയാറിന്റെ രണ്ട് ഷട്ടറുകള്‍ തുറന്ന പശ്ചാത്തലത്തില്‍ ചാലക്കുടി പുഴയുടെ തീരത്ത് ജില്ലാ ഭരണകൂടം അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി.
ചാലക്കുടി പുഴയുടെ തീരപ്രദേശത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. പെരിങ്ങല്‍കുത്ത് ഡാമിന് പുറമേ കേരള ഷോളയാര്‍ കൂടി തുറന്നതോടെ ജലനിരപ്പ് പത്തുസെന്റിമീറ്റര്‍ വരെ ഉയരാന്‍ സാധ്യതയുണ്ട്.
ഷോളയാര്‍ ഡാമില്‍ നിന്നും നാലുമണിക്കൂറോളം എടുത്ത് ചാലക്കുടി പുഴയില്‍ വെള്ളം എത്തും. ഷോളിയാറില്‍ നിന്നും പെരിങ്ങല്‍കുത്ത് വഴി വാഴച്ചാല്‍ വഴിയാണ് ചാലക്കുടിപ്പുഴയിലെത്തുന്നത്. ഏകദേശം രാത്രി ഒമ്പത് മണിയോടുകൂടി പുഴയില്‍ വെള്ളം എത്തുമെന്നാണ് മുന്നറിയിപ്പ്.

Tags