നിലനില്‍പിന് വേണ്ടിയുള്ള അവസാന പോരാട്ടത്തിലും മുന്‍നിരയില്‍ കൊടിയും പിടിച്ച് നില്‍ക്കാന്‍ മുസ്‌ലിം പെണ്‍കുട്ടികളുണ്ടാകും : മുഹമ്മദ് ഷമീം
shameem

കോഴിക്കോട്: പത്താം ക്ലാസുകാരിയെ പൊതുവേദിയില്‍ അപമാനിച്ച വിവാദത്തില്‍ സമസ്ത നേതാക്കള്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിന് പിന്നാലെ വിമര്‍ശനവുമായി ജമാഅത്തെ ഇസ്‌ലാമി നേതാവ് മുഹമ്മദ് ഷമീം. നിലനില്‍പിന് വേണ്ടിയുള്ള അവസാന പോരാട്ടത്തിലും മുന്‍നിരയില്‍ കൊടിയും പിടിച്ച് നില്‍ക്കാന്‍ മുസ്‌ലിം പെണ്‍കുട്ടികളുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.

‘നിങ്ങള്‍ക്ക് ചെയ്യാവുന്നത് ഇനി മിണ്ടാതിരിക്കുക എന്നതാണ്. അല്ലാതെ വീണ്ടും പറഞ്ഞ് പണി മേടിക്കരുത്.
നിലനില്‍പിന് വേണ്ടിയുള്ള അവസാന പോരാട്ടത്തിലും മുന്‍നിരയില്‍ കൊടിയും പിടിച്ച് നില്‍ക്കാന്‍ അവരുണ്ടാകും. ശാഹീന്‍ബാഗിലെ വല്യുമ്മ തൊട്ട് പതറാതെ നിയമപോരാട്ടം നടത്തിയ കാസര്‍ ബീ ഉള്‍പ്പെടെ ജാമിഅയിലെ പെണ്‍കുട്ടികള്‍ വരെ. അവരൊന്നാഞ്ഞൂതിയാല്‍ തെറിച്ചുപോകാത്തത്ര ഭാരമൊന്നും ഒരു മുല്ലത്തലപ്പാവിനുമില്ല,’ മുഹമ്മദ് ഷമീം പറഞ്ഞു.

വിദ്യ മുതല്‍ സമരം വരെയുള്ള രംഗങ്ങളില്‍ അവര്‍ ആവേശത്തോടെ പോരാട്ടത്തിലാണ്. പറ്റുമെങ്കില്‍ അവരുടെ പിറകില്‍ നില്‍ക്ക്. ചരിത്രത്തിലും പരലോകത്തും ഒരു തണലെങ്കിലും കിട്ടും.
അല്ലെങ്കില്‍ മാറാല പിടിച്ച പഴയ പ്രമേയങ്ങളും കെട്ടിപ്പിടിച്ചിരിക്ക്. സമയമാകുമ്പം തടി തന്നെ ചിതലെടുത്തോളുമെന്നും ഷമീം പറഞ്ഞു.

പോരാട്ടത്തിന്റെ വീരമാതൃകകള്‍ രചിക്കുകയാണവര്‍. അവരെ അകത്തുനിന്ന് കൂടി സമ്മര്‍ദത്തിലാക്കരുത്.
മിണ്ടാനുള്ളത് മിണ്ടി, കിട്ടാനുള്ളത് കിട്ടുകയും ചെയ്തു. എന്നാപ്പിന്നെ കിട്ടിയത് വാങ്ങി മിണ്ടാതിരിക്കുന്നതിന് പകരം പിന്നേം പത്രസമ്മേളനം.
അലുവ കണ്ട ഈച്ചക്കൂട്ടങ്ങളെപ്പോലെ സകല മാധ്യമങ്ങളും നിങ്ങളെ പൊതിയും. അത് നിങ്ങളോടുള്ള ആദരവ് കൊണ്ടല്ല. അവരുടെ കച്ചവടത്തിന് നിങ്ങള്‍ ഒന്നാന്തരം വിഭവമായതു കൊണ്ടാണെന്നും ഷമീം കൂട്ടിച്ചേര്‍ത്തു.

പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് പൊതുവേദിയില്‍ പെണ്‍കുട്ടിയെ അപമാനിച്ച സംഭവത്തില്‍ ന്യായീകരണവുമായി സമസ്ത രംഗത്തുവന്നത്. പെണ്‍കുട്ടിക്ക് വിഷമം തോന്നാതിരിക്കാന്‍ വേണ്ടിയാണ് മാറ്റിനിര്‍ത്തിയതെന്നാണ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞത്.

പെണ്‍കുട്ടിക്കോ ബന്ധുക്കള്‍ക്ക് സംഭവത്തില്‍ പരാതിയില്ലെന്നും ജിഫ്രിക്കോയ തങ്ങള്‍ പറഞ്ഞു. പെണ്‍കുട്ടിക്ക് ലജ്ജ ഉണ്ടാവുമോ എന്ന് വിചാരിച്ചാണ് മാറ്റിയതെന്നും പത്രസമ്മേളനത്തില്‍ ജിഫ്രിക്കോയ തങ്ങള്‍ പറഞ്ഞു.

Share this story