ഭാര്യയോട് മോശമായി പെരുമാറി ; ചോദ്യം ചെയ്ത ഭര്‍ത്താവിനെ ആക്രമിച്ച 14 അംഗ സംഘം അറസ്റ്റില്‍

Police

വിനോദ സഞ്ചാര കേന്ദ്രത്തിലെത്തിയ കുടുംബത്തിന് നേരെ ആക്രമണം. സംഭവത്തില്‍ 14ആംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. നാല് അംഗകുടുംബത്തിലെ യുവതിയോട് അശ്ലീല ചുവയോടെ സംസാരിക്കുകയും അശ്ലീല ചേഷ്ടകള്‍ കാണിക്കുകയും ചെയ്തത് ഭര്‍ത്താവ് ചോദ്യം ചെയ്തതിനെ തുടര്‍ന്നായിരുന്നു ആക്രമണം. പെരുമ്പാവൂര്‍ സ്വദേശി രാജിത്ത് രാജു, ഭാര്യ കവിത, രണ്ടു മക്കള്‍ എന്നിവരെയാണ് സംഘം ആക്രമിച്ചത്. ഇടുക്കിയിലെ അഞ്ചുരുളി വിനോദസഞ്ചാര കേന്ദ്രത്തില്‍ ഇന്നലെ ഉച്ചയോടെ ആയിരുന്നു സംഭവം. മദ്യപിച്ചെത്തിയ സംഘമാണ് കുടുംബത്തെ ആക്രമിച്ചത്. 
വിനോദ സഞ്ചാര കേന്ദ്രത്തില്‍ നിന്ന് തിരിച്ച് പോകാനിറങ്ങിയപ്പോഴാണ് യുവാക്കള്‍ യുവതിയോട് അശ്ലീല ചുവയോടെ സംസാരിച്ചത്. ഇത് കണ്ട ഭര്‍ത്താവ് ചോദ്യം ചെയ്യുകയായിരുന്നു. എന്നാല്‍ ഭര്‍ത്താവ് ചോദ്യം ചെയ്യാനെത്തിയതോടെ പ്രകോപിതരായ യുവാക്കള്‍ രാജിത്ത് രാജുവിനെ ആക്രമിക്കുകയായിരുന്നു. ഭര്‍ത്താവിനെ രക്ഷിക്കാന്‍ ശ്രമിച്ച കവിതയെയും ഇവര്‍ ആക്രമിച്ചു. ദമ്പതികളെ രക്ഷിക്കാന്‍ എത്തിയ വ്യാപാരികള്‍ അടക്കമുള്ളവരെയും സംഘം ആക്രമിച്ചു. പിന്നീട് രണ്ട് വാഹനങ്ങളിലായി പ്രദേശത്ത് നിന്ന് സംഘം രക്ഷപെടുകയായിരുന്നു.

ഉടന്‍ തന്നെ നാട്ടുകാര്‍ വിവരം പൊലീസ് സ്റ്റേഷനില്‍ വിളിച്ചറിയിച്ചു. തുടര്‍ന്ന് പൊലീസെത്തി ഇവരുടെ വാഹനം തടഞ്ഞ് സംഘത്തെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. എന്നാല്‍ പൊലീസുകാരെയും യുവാക്കള്‍ ആക്രമിക്കാന്‍ ശ്രമിച്ചിരുന്നു. വണ്ടന്മേട് മാലി സ്വദേശികളായ പ്രശാന്ത്, ശബരി, പ്രശാന്ത്, അജിത് കുമാര്‍, വിവിഷന്‍, മനോജ്, സുധീഷ്, അരുണ്‍, വിജയ്, സതീഷ്, സൂര്യ, രഘു, അജിത് കുമാര്‍ എന്നിവരാണ് അറസ്റ്റിലായിട്ടുള്ളത്.

Share this story