വിഴിഞ്ഞം സമരം നിര്‍ത്തണമെന്ന് മന്ത്രി വി.അബ്ദുറഹ്മാൻ

google news
Minister V Abdurahiman

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരെ ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികൾ നടത്തി വരുന്ന സമരം നിര്‍ത്തണമെന്ന് തുറമുഖ വകുപ്പ് മന്ത്രി വി.അബ്ദുറഹ്മാൻ. തുറമുഖ നിർമാണം നിർത്തിവയ്ക്കണമെന്ന ആവശ്യം ശരിയോ എന്ന് സമരക്കാർ പരിശോധിക്കണം. മത്സ്യത്തൊഴിലാളികളുടെ ആറ് ആവശ്യങ്ങളും സര്‍ക്കാര്‍ നേരത്തെ അംഗീകരിച്ചതാണെന്നും അവയെല്ലാം നടപ്പാക്കി വരികയാണെന്നും പറഞ്ഞ മന്ത്രി ആവശ്യങ്ങൾ അംഗീകരിച്ച ശേഷവും സമരവുമായി മുന്നോട്ട് പോകുന്നത് എന്തിനാണെന്ന് അറിയില്ലെന്നും പറഞ്ഞു. 

വിഴിഞ്ഞത്ത് സർക്കാർ സംവിധാനങ്ങളെ  ബന്ദികളാക്കി വിലപേശൽ നടത്താൻ  കഴിയില്ലെന്ന് സമരക്കാരോട് കഴിഞ്ഞ ദിവസം ഹൈക്കോടതി പറഞ്ഞിരുന്നു. നിർമ്മാണ കമ്പനിയായ അദാനി ഗ്രൂപ്പ് നൽകിയ കോടതിയലക്ഷ്യ ഹർജിയിലാണ് ഈ പരാമർശം. സമരത്തിന്‍റെ ഇത്തരം മാർഗം അനുവദിക്കാനാകില്ലെന്ന് പറഞ്ഞ കോടതി  ആരെയും രാഷ്ട്രീയം കളിക്കാൻ അനുവദിക്കില്ലെന്നും വ്യക്തമാക്കിയിരുന്നു.

പോലീസ് സുരക്ഷ ഒരുക്കാനുള്ള കോടതി ഉത്തരവിന് പുല്ലുവിലയാണ് കൽപ്പിക്കുന്നതെന്ന് അദാനി ഗ്രൂപ്പ് നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നു.  പന്തൽ പൊളിക്കാനും സുരക്ഷ നൽകാനുള്ള ഉത്തരവ് നടപ്പാക്കി റിപ്പോർട്ട് നൽകാൻ ഹൈക്കോടതി സർക്കാറിന് നിർ‍ദ്ദേശം നൽകി.  കേന്ദ്ര സേന ആവശ്യമെങ്കിൽ  2017 ലെ ഓഫീസ് മെമ്മോറാണ്ടം അനുസരിച്ച് അപേക്ഷ നൽകണമെന്ന് കേന്ദ്ര സർക്കാരും വ്യക്തമാക്കി.ഹർജി അടുത്ത ചൊവ്വാഴ്ച ഹൈക്കോടതി വീണ്ടും പരിഗണിക്കും.  തുറമുഖ നിർമ്മാണത്തിന് സുരക്ഷയൊരുക്കാനുള്ള ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് നടപ്പാക്കിയില്ലെന്നാണ്  കാണിച്ചാണ് അദാനി ഗ്രൂപ്പ് ഹൈക്കോടതിയെ സമീപിച്ചത്.   വിഴിഞ്ഞം സമരം ബഹുജന പ്രക്ഷോഭമാണെന്നും ആവശ്യങ്ങളിന്മേൽ മുഖ്യമന്ത്രിയുടെ മധ്യസ്ഥതയിൽ ചർച്ച നടക്കുന്നുണ്ടെന്നുമാണ് സമരക്കാർ നേരത്തെ കോടതിയെ അറിയിച്ചത്. 

Tags