കേരളത്തില്‍ മികച്ച ആനുകൂല്യങ്ങളാണ് കര്‍ഷകര്‍ക്ക് നല്‍കുന്നതെന്ന് മന്ത്രി വി.അബ്ദുറഹിമാന്‍

Minister V Abdurahiman

മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ മികച്ച ആനുകൂല്യങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് നല്‍കി വരുന്നതെന്ന് ഫിഷറീസ്, കായിക, ഹജജ് വഖഫ് വകുപ്പ് മന്ത്രി വി.അബ്ദുറഹിമാന്‍. കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്കുള്ള വിദ്യഭ്യാസ അവാര്‍ഡ്  ദാനവും വിവിധ ആനുകൂല്യ വിതരണവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

കര്‍ഷകരുടെയും തൊഴിലാളികളുടെയും പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ മാറി മാറി വരുന്ന സര്‍ക്കാറുകള്‍ ശ്രമം നടത്തുന്നുണ്ട്. ഇതിന്റെ തെളിവ് കൂടിയാണ് ഇവര്‍ക്ക് വിവിധ ആനുകൂല്യങ്ങള്‍ നല്‍കാന്‍ കേരളത്തില്‍ സാധിക്കുന്നത്. ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തും ഇത്തരം പ്രവര്‍ത്തനങ്ങള്‍ കാണാനാവില്ല. കേരളത്തിലെ കര്‍ഷകര്‍ പണിയെടുക്കുന്ന ഭൂമിയുടെ ഉടമകള്‍ കൂടിയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ചടങ്ങില്‍ പി. ഉബൈദുള്ള എം.എല്‍.എ.അധ്യക്ഷനായി. കര്‍ഷക തൊഴിലാളി ബോര്‍ഡ് ഡയറക്ടര്‍ പി.കെ സുധാകരന്‍, ബോര്‍ഡ് ഡയറക്ടര്‍ എ.രാമചന്ദ്രന്‍, ജില്ലാ         എക്‌സിക്യുട്ടീവ് ഓഫീസര്‍ സി.കാഞ്ചന, കര്‍ഷക തൊഴിലാളി സംഘടനാ പ്രതിനിധികളായ            ഇ.ജയന്‍, അജയന്‍, വി. നൗഷാദ്, പി.ജി. രാജഗോപാലന്‍, ഒ.കെ അയ്യപ്പന്‍, മുഹമ്മദാലി, ദേവു ഉണ്ണി, വി. അജയകുമാര്‍, കെ.കെ. ഹംസ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു. ചൈല്‍ഡ് ലൈന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ സി.പി സലീം ലഹരി വിരുദ്ധ ക്ലാസെടുത്തു.

Share this story