മന്ത്രി എം വി ഗോവിന്ദൻ എസ്ഡിപിഐയുടെ വക്കാലത്ത് പറയുന്നു; പി.കെ. കൃഷ്ണദാസ്
pk krishnadas

കണ്ണൂര്‍: മന്ത്രിയും സിപിഎം കേന്ദ്രകമ്മിറ്റി അംഗവുമായ എം.വി. ഗോവിന്ദന്റെ പ്രസ്താവന ഇടത് ജിഹാദി സഖ്യം വെളിപ്പെടുത്തുന്നതാണെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് പ്രസ്താവനയില്‍ പറഞ്ഞു. ഭൂരിപക്ഷ വര്‍ഗ്ഗീയതയാണ് ഏറ്റവും അപകടകരമായ വര്‍ഗ്ഗീയതയെന്നും അതിനെ പ്രതിരോധിക്കാനാണെന്ന പേരിലാണ് ന്യൂനപക്ഷ വര്‍ഗ്ഗീയതയെന്നും ന്യൂനപക്ഷ വിരോധത്തിന്റെ ഭാഗമായാണ്  സംഘര്‍ഷമുണ്ടാകുന്നതെന്നും പറയുക വഴി മന്ത്രി ന്യൂനപക്ഷ വര്‍ഗ്ഗീയതയെ തഴുകിത്തലോടുകയും ഭീകരവാദികളെ വെള്ളപൂശുകയുമാണ് ചെയ്യുന്നത്.  

എസ്ഡിപിഐക്കു വേണ്ടി സിപിഎം നേതാക്കള്‍  വക്കാലത്ത് പറയുന്നത് ആകസ്മികമോ നാക്കുപിഴയോ അല്ല മറിച്ച് പാര്‍ട്ടിയുടെ ഔദ്യോഗിക തീരുമാനപ്രകാരമാണ്. എസ്ഡിപിഐ പ്രവര്‍ത്തകന്‍ പാലക്കാട് കൊലചെയ്യപ്പെട്ടപ്പോള്‍ അതിന്റെ ഉത്തരവാദിത്തം ആര്‍എസ്എസ്സിന്റെ തലയില്‍കെട്ടിവെക്കാന്‍ വ്യഗ്രത സിപിഎം നേതാക്കള്‍ക്കായിരുന്നു. 

എസ്ഡിപിഐയുടെ മെഗാഫോണായി സിപിഎം നേതാക്കള്‍ മാറുകയാണ്. ആര്‍എസ്എസ്സിനെ രാഷ്ട്രീയമായി പ്രതിരോധിക്കുന്നുവെന്ന ഭാവത്തില്‍ ഭീകരവാദികളെ ചിറകിന്‍ കീഴില്‍ സംരക്ഷിക്കുകയാണ് സിപിഎം. അതുകൊണ്ട് തന്നെ  സര്‍ക്കാരിന്റെയും പൊലീസിന്റെയും സംരക്ഷണം എസ്ഡിപിഐക്ക് ലഭിക്കുകയും ചെയ്യുന്നു. രാജ്യത്തിന് അത്യന്തം പ്രതികൂലമായി ബാധിക്കുന്ന ഈ ഇടത് തീവ്രവാദ സഖ്യത്തിനെതിരെ ബിജെപി അതിശക്തമായി രംഗത്തെത്തും. ഭൂരിപക്ഷ സമുദായത്തെ ആക്ഷേപിക്കുന്ന പ്രസ്താവന പിന്‍വലിയക്കാന്‍ മന്ത്രി  തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Share this story