'കേന്ദ്രത്തില്‍ നിന്ന് കിട്ടാനുള്ളത് കിട്ടിയില്ലെങ്കില്‍ ഭരണപക്ഷവും പ്രതിപക്ഷവും ചേര്‍ന്ന് ചോദിച്ചു വാങ്ങും': മന്ത്രി കെഎന്‍ ബാലഗോപാല്‍

google news
Minister KN Balagopal

തൃശൂര്‍ : പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളെ കേന്ദ്രം അവഗണിക്കുകയാണെന്നും കിട്ടാനുള്ളത് കിട്ടിയില്ലെങ്കില്‍ ഭരണപക്ഷവും പ്രതിപക്ഷവും ചേര്‍ന്ന് ചോദിച്ചു വാങ്ങുമെന്നും ധനമന്ത്രി കെഎന്‍ ബാലഗോപാല്‍.അടുത്തമാസം മുതല്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം മുടങ്ങുമെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും മന്ത്രി വ്യക്തമാക്കി.

ജിഎസ്‌ടി വിഹിതമായി സംസ്ഥാനത്തിന് നല്‍കേണ്ട തുക ജൂണ്‍ 30ന് നിര്‍ത്തലാക്കുന്നതോടെ, വര്‍ഷം 17,000 കോടി രൂപയുടെ കുറവ് സംസ്ഥാനത്തിന് ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. പ്രത്യേക ഗ്രാന്‍റില്‍ തന്നെ 7000 കോടി കുറയുമെന്നും ഇതെല്ലാം​ വികസന പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്നും ബാലഗോപാല്‍, തൃശൂരില്‍ മാധ്യമ പ്രവര്‍ത്തകരോട്​ പറഞ്ഞു.

'രാജ്യത്തെ ബാങ്കുകളും പൊതുമേഖല സ്ഥാപനങ്ങളുമെല്ലാം റെക്കോഡ് ലാഭം നേടി മുന്നോട്ടുപോകുമ്പോള്‍ സംസ്ഥാനത്തിനുള്ള സഹായം വെട്ടിക്കുറയ്‌ക്കേണ്ട കാര്യമില്ല. അഞ്ച് സംസ്ഥാനങ്ങള്‍ക്കുമാത്രമേ തുക നല്‍കിയിട്ടുള്ളൂ. കേരളത്തോട് കേന്ദ്രത്തിന് രാഷ്ട്രീയവിരോധം ഉണ്ടോ എന്ന് കണക്കുകള്‍ പൂര്‍ണമായി പരിശോധിക്കാതെ പറയാനാവില്ല. സംസ്ഥാനത്തിന് കടമെടുക്കാവുന്ന തുകയുടെ പരിധി സംബന്ധിച്ച്‌ ചര്‍ച്ച നടക്കുന്നുണ്ട്,' ബാലഗോപാല്‍ വ്യക്തമാക്കി.

ബിജെപിയുടെ ചില നേതാക്കള്‍ നടത്തുന്ന പ്രസ്താവനകള്‍ ബാലിശമാണെന്നും ജനങ്ങളെ എപ്പോഴും തെറ്റിദ്ധരിപ്പിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. പാചകവാതകത്തിന് സംസ്ഥാനം നികുതി ഈടാക്കുന്നുവെന്ന് പറഞ്ഞ കേന്ദ്രമന്ത്രി, സ്വയം ചെറുതാകുകയാണെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു. കെഎന്‍ ബാലഗോപാല്‍ പറഞ്ഞു.

Tags