ലോക നിലവാരമുള്ള സ്‌കൂളുകളുടെ ഗണത്തിലേക്ക് സംസ്ഥാനം എത്തിയത് അഭിമാനാര്‍ഹം: മന്ത്രി കെ.എന്‍ ബാലഗോപാല്‍

k n balagopal

ലോകനിലവാരമുള്ള സ്‌കൂളുകളുടെ ഗണത്തിലേക്ക് സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങള്‍ എത്തിയത് അഭിമാനാര്‍ഹമാണെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍ ബാലഗോപാല്‍ പറഞ്ഞു. സംസ്ഥാനത്തെ സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെട്ടു. സ്‌കൂള്‍ കുട്ടികളുടെ പൊതുകാഴ്ചപ്പാടുകളെ മാറ്റാന്‍ സഹായിക്കുന്ന തരത്തിലുള്ള വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു. കിഴക്കഞ്ചേരി ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ കെട്ടിടോദ്ഘാടനവും സ്റ്റേഡിയം നിര്‍മ്മാണോദ്ഘാടനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഇ.എം.എസ് മന്ത്രിസഭാ കാലത്ത് ആരംഭിച്ച് തുടര്‍ച്ചയായ മാറ്റങ്ങളാണ് വിദ്യാഭ്യാസ രംഗത്ത് സംസ്ഥാനത്ത് നടപ്പാക്കി വരുന്നത്. അടിസ്ഥാന നിലവാരം ഉയര്‍ന്ന 13,400-ഓളം സര്‍ക്കാര്‍-എയ്ഡഡ് വിദ്യാലയങ്ങള്‍ ഇന്ന് പ്രവര്‍ത്തിക്കുന്നു. കേരളത്തിന്റെ ജനസംഖ്യയേക്കാള്‍ കൂടുതലുള്ള സംസ്ഥാനങ്ങളില്‍ പോലും ഇത്രയധികം പൊതുവിദ്യാലയങ്ങള്‍ പ്രവര്‍ത്തിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ സ്‌കൂളുകള്‍, സര്‍വകലാശാലകള്‍ എന്നിവിടങ്ങളില്‍ ചുരുങ്ങിയ കാലയളവില്‍ വലിയ മാറ്റങ്ങള്‍ സംഭവിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് ഉത്പാദനവുമായി ബന്ധപ്പെട്ട മേഖലകളിലേക്ക് എത്തുന്നതിന് വേണ്ട വിദ്യാഭ്യാസം നല്‍കുകയും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും വേണമെന്ന് മന്ത്രി പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്ക് റോബോട്ടിക്‌സ് പരിശീലനം ഉള്‍പ്പെടെ നല്‍കുന്നുണ്ട്. വിദ്യാര്‍ത്ഥികളുടെ നിലവാരം ഉയര്‍ത്തുന്നതിന് വേണ്ട പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാരും വിദ്യാഭ്യാസ വകുപ്പും നടപ്പാക്കി വരികയാണ്. കുട്ടികളുടെ ആരോഗ്യം ശക്തിപ്പെടുത്തുന്നതിന് കലാ-കായിക മേഖലയിലെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതിനും ലഹരി വിമുക്ത തലമുറയെ സൃഷ്ടിക്കുന്നതിനും വേണ്ട പ്രവര്‍ത്തനങ്ങളും നടപ്പാക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ഓരോ പഞ്ചായത്തിലും കളിസ്ഥലങ്ങള്‍ നിര്‍മ്മിക്കുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഇതിനായി കൈകോര്‍ക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

പരിപാടിയില്‍ ആലത്തൂര്‍ നിയോജകമണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ ദിശയുടെ നേതൃത്വത്തില്‍ 100 ശതമാനം വിജയം നേടിയ വിദ്യാലയങ്ങളെ മന്ത്രി അനുമോദിച്ചു. സ്പൈനല്‍ മസ്‌കുലര്‍ അട്രോഫി രോഗബാധിതയായി ചികിത്സയില്‍ കഴിയുന്ന മറിയ മോള്‍ക്ക് പ്രാഥമിക ചികിത്സയ്ക്കായി ആലത്തൂര്‍ നിയോജകമണ്ഡലത്തിലെ സ്‌കൂളുകളില്‍ നിന്ന് സമാഹരിച്ച ധനസഹായം 10.20 ലക്ഷം രൂപ നല്‍കി. കൂടാതെ ഫസ്റ്റ് ബെല്‍ 1997-98 എസ്.എസ്.എല്‍.സി ബാച്ച് ദത്തെടുത്ത വിദ്യാര്‍ത്ഥിക്കുള്ള സ്‌കോളര്‍ഷിപ്പും മന്ത്രി വിതരണം ചെയ്തു.

പരിപാടിയില്‍ കെ.ഡി പ്രസേനന്‍ എം.എല്‍.എ അധ്യക്ഷനായി. മുന്‍ എം.എല്‍.എമാരായ സി.കെ രാജേന്ദ്രന്‍, സി.ടി കൃഷ്ണന്‍, കിഴക്കഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കവിതാ മാധവന്‍, ജില്ലാ പഞ്ചായത്തംഗം അനിത പോള്‍സണ്‍, കിഴക്കഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കവിത മാധവന്‍, വൈസ് പ്രസിഡന്റ് വി. രാധാകൃഷ്ണന്‍, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രാജി കൃഷ്ണന്‍കുട്ടി, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രതിക മണികണ്ഠന്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനും പി.ടി.എ പ്രസിഡന്റുമായ കെ. രവീന്ദ്രന്‍, ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രേമലത, കിഴക്കഞ്ചേരി ഗ്രാമപഞ്ചായത്ത് അംഗം സലിം പ്രസാദ്, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ പി.വി മനോജ് കുമാര്‍, ഹയര്‍സെക്കന്‍ഡറി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ടി.കെ ജയകുമാര്‍, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ-ഓഡിനേറ്റര്‍ ഡി. ജയപ്രകാശ്, കൈറ്റ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അജിത വിശ്വനാഥ്, ബ്ലോക്ക് പ്രോജക്ട് ഓഫീസര്‍ ജോണ്‍സണ്‍, മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. രാധാകൃഷ്ണന്‍, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ കെ. സുരേന്ദ്രന്‍, സ്റ്റാഫ് സെക്രട്ടറി കെ.എസ് മുഹമ്മദ് സലിം, സ്‌കൂള്‍ ചെയര്‍മാന്‍ ആര്‍. അഭിജിത്ത്, പ്രധാനധ്യാപിക സി. സാഹിദ, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

Share this story