തൃശൂർ പൂരം സ്ത്രീ സൗഹൃദമാക്കാന്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയെന്ന് മന്ത്രി കെ.രാജന്‍
Minister K Rajan


വനിതാ പോലീസിലെ ബുള്ളറ്റ് പട്രോള്‍ സംഘത്തിന്റേയും കുടുംബശ്രീ ഷീ ടാക്‌സികളുടേയും ഫ്‌ളാഗ് ഓഫ് ചടങ്ങ് നടത്തി. വനിതകള്‍ക്കും കുട്ടികള്‍ക്കും  സുരക്ഷിതമായും സൗകര്യപ്രദമായും പൂരം ആസ്വദിക്കുന്നതിനും ചടങ്ങുകള്‍ വീക്ഷിക്കാനും സൗകര്യമൊരുക്കും. പൂരപ്പറമ്പിലെ പോലീസ് കണ്‍ട്രോള്‍ റൂമിന് സമീപം പ്രത്യേകമേഖല  വേലി കെട്ടിത്തിരിച്ചിട്ടുണ്ട്. ഇവിടെ നിന്ന് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ചടങ്ങുകള്‍ വീക്ഷിക്കാം.

നഗരത്തിലെ 600 ലേറെ വരുന്ന സി.സി.ടി.വി. കാമറകള്‍ പോലീസ് സെന്‍ട്രല്‍ കണ്‍ട്രോള്‍ റൂമില്‍ നിന്ന് 24 മണിക്കൂറും നിരീക്ഷിക്കും. നഗരത്തിന്റെ ഏത് ഭാഗത്തും നടക്കുന്ന അനിഷ്ട സംഭവങ്ങളും കണ്ടെത്തി നടപടി സ്വീകരിക്കും. സ്വരാജ് റൗണ്ടിന് ചുറ്റുമുള്ള നൂറിലേറെ കാമറകള്‍ പൂരപ്പറമ്പിലെ പോലിസ് കണ്‍ട്രോള്‍ റൂമില്‍ നിന്ന്  നിരീക്ഷിക്കും.  പുറമെ, പൂരം എക്‌സിബിഷന്റെ എല്ലാ കവാടങ്ങളിലും  കാമറകള്‍ സ്ഥാപിച്ചു. 
നാല് പിങ്ക് പോലീസ് പട്രോള്‍ സംഘങ്ങളെ സ്വരാജ്‌റൗണ്ടിലും തേക്കിന്‍കാട് മൈതാനത്തും വിന്യസിച്ചു. 1515 എന്ന ഹെല്‍പ് ലൈന്‍ നമ്പറില്‍ സദാസേവനം ലഭ്യമാകും. പോലീസ് ഹെല്‍പ്‌ലൈന്‍ നമ്പറായ 112 ലും മുഴുവന്‍ സമയ സേവനം ലഭിക്കും. വനിതാഉദ്യോഗസ്ഥരുടെ അഞ്ച് ബുള്ളറ്റ് പട്രോള്‍ സംഘങ്ങളും റോന്ത് ചുറ്റും. 300 വനിതാപോലീസുകാരുണ്ട്.  

നെഹ്‌റു പാര്‍ക്കിനോട് ചേര്‍ന്ന് സ്ത്രീകള്‍ക്കായി ഒന്‍പത് പോര്‍ട്ടബ്ള്‍ ടോയ്‌ലെറ്റുകള്‍, ജില്ലാ ആശുപത്രിക്ക് മുന്‍വശത്ത് പൂരപ്പറമ്പിനോട് ചേര്‍ന്ന് ഒന്‍പത് ലേഡീസ് ടോയ്‌ലെറ്റുകള്‍, പോലീസ് കണ്‍ട്രോള്‍ റൂമിന് പിറകുവശത്ത് നാല് ടോയ്‌ലെറ്റുകള്‍, ജനറല്‍ ആശുപത്രിക്കു പിറകിലായി മൂന്ന് അധിക ടോയ്‌ലെറ്റുകള്‍,  എന്നിവ സജ്ജമാക്കി.  
 

Share this story