മീനച്ചിലാറില്‍ ജലനിരപ്പ് ഉയരുന്നു : ജാഗ്രതാ നിർദേശം

google news
meenachilar

കോട്ടയം : കൂട്ടിക്കലിലെ വെമ്പാല മുക്കുളം മേഖലയില്‍ ഉരുള്‍പൊട്ടല്‍. ജനവാസമേഖലയിൽ അല്ല ഉരുൾപൊട്ടലെന്ന് അധികൃതർ അറിയിച്ചു. നാശനഷ്ടങ്ങൾ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നു ജില്ലാ ഭരണകൂടം അറിയിച്ചു. കാഞ്ഞിരപ്പള്ളിയില്‍ വെള്ളക്കെട്ട് രൂപപ്പെട്ടതിനെ തുടർന്ന് ഗതാഗതതടസം രൂക്ഷമാണ്.  കോരുത്തോട് മൂഴിക്കല്‍ കോസ്‌വേ വെള്ളത്തിനടിയിലായി. ഭരണങ്ങാനം– വിളക്കുമാടം റോഡിലും വെള്ളക്കെട്ടുണ്ട്. പാലായില്‍ മീനച്ചിലാറിന്‍റെ ജലനിരപ്പ് അപകടനിലയിലാണെന്നും ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു.

പത്തനംതിട്ട സീതത്തോട്ടിൽ ഭൂമി വിണ്ടുകീറിയിതിനെ തുടർന്ന് പ്രദേശവാസികൾ ഉരുൾപൊട്ടൽ ഭീതിയിലാണ്. ഇതോടെ മുണ്ടന്‍പാറയില്‍നിന്ന് നാലുകുടുംബങ്ങളെ ഇതിനകം മാറ്റിപ്പാർപ്പിച്ചു. ആശങ്ക വേണ്ടെന്നും ജാഗ്രത തുടരുകയാണെന്നും അധികൃതർ അറിയിച്ചു.

അതേസമയം ഇടുക്കിയിൽ രാത്രി മുഴുവൻ പെയ്ത ശക്തമായ മഴയ്ക്ക് നേരിയ ശമനമുണ്ട്. നിലവിൽ മൂടിക്കെട്ടിയ അന്തരീക്ഷമാണ്.പാംബ്ല, കല്ലാർകുട്ടി, പൊന്മുടി, കുണ്ടള, മലങ്കര ഡാമുകൾ ഇതുവരെ തുറന്നിട്ടുണ്ട്. മുല്ലപ്പെരിയാർ ഇടുക്കി ഡാമുകളിലേക്കുള്ള നീരൊഴുക്ക് വർധിച്ചിട്ടുണ്ടെങ്കിലും ആശങ്കാജനകമായ സ്ഥിതി ഇപ്പോഴില്ലെന്ന് അധികൃതർ അറിയിച്ചു. ശക്തമായ മഴയിൽ തൊടുപുഴയാറ്റിലും ജലനിരപ്പ് ഉയർന്നു. ജില്ലയിൽ 51 കുടുംബങ്ങളിലെ 128 പേരാണ് ക്യാംപുകളിൽ കഴിയുന്നത്. ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കലക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും ഇന്റർവ്യൂകൾക്കും മാറ്റമില്ല. 

Tags