മാരാമൺ കൺവൻഷൻ : സർക്കാർതല ക്രമീകരണങ്ങൾ ഏറ്റവും മികച്ച രീതിയിൽ പൂർത്തിയാക്കും : മന്ത്രി വീണാ ജോർജ്

google news
fghn

128 -ാമത് മാരാമൺ കൺവൻഷൻ മനോഹരമായി സംഘടിപ്പിക്കുന്നതിന് ആവശ്യമായ സർക്കാർതല ക്രമീകരണങ്ങൾ ഏറ്റവും മികച്ച രീതിയിൽ പൂർത്തിയാക്കുമെന്ന്  ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. മാരാമൺ കൺവൻഷനുമായി ബന്ധപ്പെട്ട സർക്കാർതല മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിന്റെ ഭാഗമായി കോഴഞ്ചേരി മാരാമൺ റിട്രീറ്റ് സെന്ററിൽ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
 
പമ്പാ നദിയുടെ മാരാമൺ തീരം കെട്ടി സംരക്ഷിക്കുന്നതിന് ജലവിഭവ വകുപ്പ് മന്ത്രി 32 ലക്ഷം രൂപ അനുവദിച്ചു. ഫെബ്രുവരി 12 മുതൽ 19 വരെ നടക്കുന്ന കൺവൻഷൻ എല്ലാ സർക്കാർ വകുപ്പുകളുടേയും മികച്ച ഏകോപനത്തിൽ മികവുറ്റ രീതിയിൽ പൂർത്തിയാക്കും. കോവിഡ് കാലത്തെ ഇടവേളയ്ക്ക് ശേഷം നടക്കുന്ന കൺവൻഷനായതുകൊണ്ട് തന്നെ അഭൂതപൂർവമായ തിരക്ക് അനുഭവപ്പെടാൻ സാധ്യതയുണ്ട്. അത്തരം കാര്യങ്ങളിലെല്ലാം കൃത്യമായ ഏകോപനമുണ്ടാകും. 

ചെറുകോൽ - മുട്ടുമൺ റോഡ് അടിയന്തിരമായി പൂർത്തീകരിക്കണമെന്നും, അനധികൃതമായി നിർമാണം വൈകിപ്പിക്കുന്ന കരാറുകാരനെതിരേ നടപടി സ്വീകരിക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ശബരിമല തീർഥാടനം ഏറ്റവും മികച്ച രീതിയിൽ ഒരുക്കിയെന്നും അതേ ഏകോപനം മാരാമൺ കൺവൻഷന്റെ കാര്യത്തിലും സ്വീകരിക്കണമെന്നും യോഗത്തിൽ അധ്യക്ഷത വഹിച്ച ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. അടിസ്ഥാന സൗകര്യങ്ങളിൽ യാതൊരു കുറവുമുണ്ടാകില്ല. കൺവൻഷൻ നഗറിലെത്തുന്നവർക്ക് യാതൊരു തരത്തിലുള്ള കുറവുകളോ ബുദ്ധിമുട്ടുകളോ ഉണ്ടാകാത്ത രീതിയിലുള്ള നടപടികൾ സ്വീകരിക്കും. കോവിഡിന് ശേഷമുള്ള കൺവൻഷനായതുകൊണ്ട് ജനബാഹുല്യം വളരെയേറെ വലുതായിരിക്കുമെന്നും അതിന് അനുസരിച്ചുള്ള ഒരുക്കങ്ങൾ നടത്തുമെന്നും ജലവിഭവ വകുപ്പ് മന്ത്രി പറഞ്ഞു.

കഴിഞ്ഞ വർഷം കോവിഡിന്റെ പരിമിതികൾക്കിടയിലും ഫലപ്രദമായ രീതിയിൽ മാരാമൺ കൺവൻഷൻ നടത്തിയെന്ന് ജില്ലാ കളക്ടർ ഡോ. ദിവ്യ എസ് അയ്യർ പറഞ്ഞു. കൂടുതൽ ആളുകൾ എത്താൻ സാധ്യതയുള്ള ഈ വർഷം കുറ്റമറ്റ രീതിയിൽ കൺവൻഷൻ പൂർത്തിയാക്കണമെന്നും രണ്ട് മന്ത്രിമാരുടേയും സാന്നിധ്യം ആശ്വാസവും പ്രചോദനകരവുമാണെന്നും ജില്ലാ കളക്ടർ പറഞ്ഞു.

കൺവൻഷന് തടസമുണ്ടാകാത്ത രീതിയിൽ പമ്പയിലെ ജലനിരപ്പ് നിയന്ത്രിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കും. കൺവൻഷൻ നഗറിൽ ആരോഗ്യവകുപ്പ് പ്രഥമ ശുശ്രൂഷയ്ക്കുള്ള മെഡിക്കൽ ടീമിനെ സജ്ജമാക്കും. നഗറിൽ താത്കാലിക ഡിസ്പെൻസറിയും ആംബുലൻസ് സൗകര്യവും ക്രമീകരിക്കും. കൺവൻഷൻ നഗറിൽ അണുനശീകരണവും ശുചീകരണ പ്രവർത്തനവും ഫോഗിംഗും കുറ്റമറ്റ രീതിയിൽ നടത്തും. ആരോഗ്യ വകുപ്പ് ഐഇസി സ്റ്റാൾ കൺവൻഷൻ നഗറിൽ സ്ഥാപിക്കും. കൺവൻഷൻ ആരംഭിക്കുന്നതിന് മുൻപ് ഹോട്ടലുകളിൽ പരിശോധന നടത്തും. കൺവൻഷന് എത്തുന്നവരുടെ സൗകര്യാർഥം കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തും. 

കൺവൻഷൻ നഗറിൽ താത്കാലിക ബസ് സ്റ്റേഷൻ പ്രവർത്തിപ്പിക്കും. കൺവൻഷൻ നഗറിലെ പാർക്കിംഗ്, ക്രമസമാധാനപാലനം, ഗതാഗത നിയന്ത്രണം, എന്നിവ പോലീസ് നടത്തും. ഇതിനായി 250 പൊലീസ് ഉദ്യോഗസ്ഥരെ കൺവൻഷൻ നഗറിലും പരിസരപ്രദേശങ്ങളിലുമായി വിന്യസിക്കും. കൂടുതൽ പോലീസ് ഉദ്യോഗസ്ഥരെ ഇതിനായി വിനിയോഗിക്കും. പോലീസ് കൺട്രോൾ റൂം കൺവൻഷൻ നഗറിൽ ആരംഭിക്കും. കൺവൻഷൻ നഗറിലും പരിസര പ്രദേശങ്ങളിലും വ്യാജമദ്യ വിൽപ്പന, നിരോധിത ലഹരി വസ്തുക്കളുടെ വിൽപ്പന എന്നിവ തടയുന്നതിനുള്ള നടപടി എക്‌സൈസ് വകുപ്പ് സ്വീകരിക്കും. എക്‌സൈസ് വകുപ്പിന്റെ വിമുക്തി പവലിയൻ കൺവൻഷൻ നഗറിൽ സ്ഥാപിക്കും.
കോഴഞ്ചേരി, തോട്ടപ്പുഴശേരി പഞ്ചായത്തുകളുടെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങളും തെരുവ് വിളക്കുകൾ ക്രമീകരിക്കുന്നതിനുള്ള നടപടികളും അടിയന്തിരമായി പൂർത്തിയാക്കും. 

പൊടി ശല്യം നിയന്ത്രിക്കുന്നതിന് കൃത്യമായ ഇടവേളകളിൽ വെള്ളം തളിക്കും. റോഡിന്റെ വശങ്ങളിലുള്ള അനധികൃത കച്ചവടം ഒഴിപ്പിക്കും. കൺവൻഷൻ കാലയളവിൽ യാചക നിരോധനം ഏർപ്പെടുത്തും. താത്കാലിക ശുചിമുറികൾ സ്ഥാപിക്കും. കൃത്യമായ ഇടവേളകളിൽ അണുനശീകരണം നടത്തും. പൊതുമരാമത്ത് കെട്ടിട വിഭാഗം, ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് എന്നീ വകുപ്പുകൾ പന്തൽ, വൈദ്യുതി, എന്നിവയുമായി ബന്ധപ്പെട്ട ക്രമീകരണങ്ങൾ പരിശോധിച്ച് ആവശ്യമായ അനുമതി നൽകും. വാട്ടർ അതോറിറ്റി കൺവൻഷൻ സ്ഥലത്തും ആവശ്യമായ എല്ലാ ക്രമീകരണങ്ങളും മുൻവർഷങ്ങളിലേത് പോലെ ഏർപ്പെടുത്തും. ആറ് ടാങ്കുകൾ, താത്കാലിക ടാപ്പുകൾ എന്നിവ സ്ഥാപിക്കും. സുരക്ഷ ഉറപ്പ് വരുത്തുന്നതിന് ജലപരിശോധന കൃത്യമായ ഇടവേളകളിൽ നടത്തും. കൺവൻഷനുമായി ബന്ധപ്പെട്ട് സർക്കാർ തലത്തിലുള്ള ക്രമീകരണങ്ങൾ അടൂർ ആർഡിഒ ഏകോപിപ്പിക്കും.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാറാതോമസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോശാമ്മ ജോസഫ്, തോട്ടപ്പുഴശേരി പഞ്ചായത്ത് പ്രസിഡന്റ് സി.എസ്. ബിനോയ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ അനീഷ് കുന്നപ്പുഴ, അജി അലക്‌സ്, കോഴഞ്ചേരി പഞ്ചായത്തംഗം ബിജിലി പി ഈശോ, മാർത്തോമാ സുവിശേഷ പ്രസംഗ സംഘം ജനറൽ സെക്രട്ടറി റവ. ജിജി മാത്യുസ്, ട്രഷറർ ജേക്കബ് സാമുവേൽ, കറസ്പോണ്ടന്റ് സെക്രട്ടറി പ്രൊഫ. ഡോ. അജിത് വർഗീസ് ജോർജ്, സഞ്ചാര സെക്രട്ടറി റവ. സജി പി സൈമൺ, ജനപ്രതിനിധികൾ, വിവിധ വകുപ്പുതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Tags