മലമ്പുഴ മേഖലയെ വിറപ്പിച്ച് കാട്ടാനക്കൂട്ടം

elephant


പാലക്കാട്: മലമ്പുഴ മേഖലയെ വിറപ്പിക്കുന്ന പി.ടി. സെവന്‍ ഒറ്റായാനെ പിടികൂടുന്നതിന് ദൗത്യസംഘം കൂട് കെട്ടി സജീവമായിരിക്കെ ജനവാസമേഖലയില്‍ കാട്ടാനക്കൂട്ടമിറങ്ങുന്നത് ജനങ്ങളെ പരിഭ്രാന്തിയിലാക്കുന്നു. മലമ്പുഴ കഞ്ചിക്കോട് റൂട്ടില്‍ കെ.ടി.ഡി.സി. ഹോട്ടല്‍, റോക്ക് ഗാര്‍ഡന്‍, റിസര്‍വോയര്‍ പരിസരം എന്നിവിടങ്ങളിലായി മൂന്ന് ദിവസമായി പതിനെട്ടോളം കാട്ടാനകള്‍ ജനങ്ങളെ പരിഭ്രാന്തിയിലാക്കി ചുറ്റി കറങ്ങുന്നു. ഇത്രയധികം കാട്ടാനകള്‍ ഇവിടെയെത്തുന്നത് ആദ്യമായാണ്. മുന്‍പ് ഈ ഭാഗത്ത് 15 കാട്ടാനകള്‍വരെ എത്തിയിരുന്നു.

 മലമ്പുഴ ബസ് സ്റ്റാന്‍ഡില്‍നിന്ന് കവ ഭാഗത്തേക്ക് തിരിയുന്ന സമീപത്തായി ഡാം പരിസരത്താണ് കാട്ടാനകളെത്തിയതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. വനപാലകര്‍ കാട്ടിലേക്ക് കയറ്റാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അവ കയറി പോകുന്നില്ല. ഡാമിലെത്തിയ കാട്ടാനക്കൂട്ടത്തില്‍ കുട്ടിയാനകളുമുണ്ട്. കഞ്ചിക്കോട് വനമേഖലയില്‍നിന്നും കവ റോഡ് മുറിച്ച് കടന്നാണ് കാട്ടാനകള്‍ മലമ്പുഴയിലേക്കെത്തുന്നത്. കുട്ടിയാനകള്‍ ഉള്ളതിനാല്‍ കാട്ടില്‍ കടന്നുള്ള തുരത്തില്‍ സാധ്യമല്ലെന്നും റോഡിലെത്തുന്ന ആനകളെ കാട്ടിലേക്ക് തുരുത്തുമെന്നും വനംവകുപ്പ് അധികൃതര്‍ അറിയിച്ചു.

Share this story