മലമ്പുഴ ഡാമിന്റെ ഷട്ടറുകൾ ഉടൻ തുറക്കില്ലെന്ന് ജില്ലാ ഭരണകൂടം

google news
malambuzha dam

മലമ്പുഴ ഡാമിന്റെ ഷട്ടറുകൾ ഉടൻ തുറക്കില്ലെന്ന് ജില്ലാ ഭരണകൂടം

പാലക്കാട്: മലമ്പുഴ ഡാമിന്റെ ഷട്ടറുകൾ ഉടൻ തുറക്കില്ലെന്ന് ജില്ലാ ഭരണകൂടം. ഡാമിന്റെ വൃഷ്ടി പ്രദേശത്ത് മഴ കുറഞ്ഞതിനെ തുടർ‍ന്നാണ് തീരുമാനം. രാവിലെ 9 മണിയോടെ ഷട്ടറുകൾ തുറക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. എന്നാൽ വൃഷ്ടി പ്രദേശത്ത് മഴ കുറഞ്ഞതോടെ ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞിട്ടുണ്ട്.  ജലനിരപ്പ് ഉയർന്നിട്ടില്ലാത്ത സാഹചര്യത്തിൽ നിലവിൽ ഡാം തുറക്കേണ്ടതില്ലെന്ന് അധികൃതർ വ്യക്തമാക്കി.  112.30 മീറ്ററാണ് ഡാമിലെ നിലവിലെ ജലനിരപ്പ്. 115.06 മീറ്ററാണ് പരമാവധി സംഭരണ ശേഷി.

അതേസമയം മണ്ണാർക്കാട്, കാഞ്ഞിരപ്പുഴ ഡാമിന്റെ മൂന്ന് സ്പിൽവെ ഷട്ടറുകൾ 80 സെന്റീ മീറ്ററായി ഉയർത്തുമെന്ന് അധികൃതർ അറിയിച്ചു. വരും ദിവസങ്ങളിൽ കാലവർഷം ശക്തമാകുമെന്ന ദുരന്തനിവാരണ അതോറിറ്റിയുടെ  മുന്നറിയിപ്പ് ഉള്ളതിനാലാണ് തീരുമാനം. നിലവിലെ ജലനിരപ്പ് റൂൾ  കർവ്  പ്രകാരമുള്ള ജലനിരപ്പിനെക്കാൾ കൂടുതലാണ്. ഈ സാഹചര്യത്തിൽ രാവിലെ 11ന് ഡാമിന്റെ മൂന്ന് സ്പിൽവേ ഷട്ടറുകൾ  80 സെന്റീമീറ്റർ വീതം ഉയർത്തുമെന്ന് എക്സിക്യുട്ടീവ് എഞ്ചിനീയർ അറിയിച്ചു. ഇന്നലെ ഡാമിന്റെ മൂന്ന് സ്പിൽവെ ഷട്ടറുകൾ 60 സെന്റീമീറ്റർ വീതം ഉയർത്തിയിരുന്നു. പുഴയുടെ തീരപ്രദേശങ്ങളിൽ താമസിക്കുന്നവർക്ക്  ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. ഡാമിലെ നിലവിലെ ജലനിരപ്പ് 94 മീറ്ററാണ്. 97.50 മീറ്ററാണ് പരമാവധി സംഭരണശേഷി.

ഇതിനിടെ, അട്ടപ്പാടിയിൽ ശക്തമായ കാറ്റിൽ പാക്കുളത്ത് വീടിന് മുകുളിൽ മരം വീണു. പാക്കുളം സ്വദേശി വിനോദിന്റെ വീടിന് മുകളിലേക്കാണ്  മരം വീണത്. കുടുംബം പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.

Tags