മധു വധക്കേസ്; പ്രതികള്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി വിധി ഇന്ന്

google news
madhu

മധു വധക്കേസില്‍ ജാമ്യം റദ്ദാക്കിയ വിചാരണ കോടതി ഉത്തരവിനെതിരെ പ്രതികള്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. സാക്ഷികളെ സ്വാധീനിച്ചെന്ന് കണ്ടെത്തിയാണ് പന്ത്രണ്ട് പ്രതികളുടെ ജാമ്യം വിചാരണ കോടതി റദ്ദാക്കിയത്. അതേസമയം, മധുവിന്റെ കുടുംബം ഉള്‍പ്പെടെ ഏഴ് സാക്ഷികളെ വിചാരണ കോടതി വിസ്തരിക്കും. കേസിലെ സാക്ഷികള്‍ തുടര്‍ച്ചയായി കൂറുമാറുന്ന സാഹചര്യത്തിലായിരുന്നു പ്രതികളുടെ ജാമ്യം റദ്ദാക്കാന്‍ പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്. പ്രതികള്‍ നിരന്തരം സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നതിന്റെ ഡിജിറ്റല്‍ രേഖകളും പ്രോസിക്യൂഷന്‍ ഹാജരാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പന്ത്രണ്ട് പ്രതികളുടെ ജാമ്യം റദ്ദാക്കാന്‍ പാലക്കാട്ടെ പ്രത്യേക കോടതി ഉത്തരവിട്ടത്. എന്നാല്‍ വിചാരണ കോടതി ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്യുകയായിരുന്നു.

പ്രതികള്‍ക്ക് ജാമ്യം നല്‍കിയ ഹൈക്കോടതി വിധി പുനഃപരിശോധിക്കാനോ തിരുത്താനോ കീഴ്‌കോടതികള്‍ക്ക് അനുവാദമില്ലെന്നായിരുന്നു ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് ചൂണ്ടികാട്ടിയത്. ഇന്ന് ഉച്ചയോടെയാണ് ഹര്‍ജിയില്‍ വിധി പറയുക. അതേസമയം, മധു വധക്കേസില്‍ സാക്ഷിപ്പട്ടികയിലുള്ള മധുവിന്റെ അമ്മ മല്ലി, സഹോദരി ചന്ദ്രിക, സഹോദരീ ഭര്‍ത്താവ് മുരുകന്‍ എന്നിവരെ വിചാരണ കോടതി ഇന്ന് വിസ്തരിക്കും. മധുവിന് മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായും അതിന് ചികിത്സ നല്‍കിയിരുന്നതായുമാണ് ഇവര്‍ പൊലീസിന് നല്‍കിയിട്ടുള്ള മൊഴി. കൂടാതെ കേസിലെ 44 മുതല്‍ 47 വരെയുള്ള സാക്ഷികളെയും ഇന്ന് വിസ്തരിക്കും.

Tags