സംസ്ഥാനത്ത് ബസുകളിൽ മിന്നൽ പരിശോധനയുമായി എം വി ഡി
inspect

സ്വകാര്യ ബസുകളിലും കെ.എസ്.ആര്‍.ടി.സി.യിലും മോട്ടോര്‍ വാഹനവകുപ്പിന്റെ വ്യാപക പരിശോധന. തൃശ്ശൂര്‍ ശക്തന്‍ സ്റ്റാന്‍ഡില്‍നിന്ന് ഇരിങ്ങാലക്കുട റൂട്ടില്‍ ഓടുന്ന ബസുകളിലായിരുന്നു പരിശോധന. ടിക്കറ്റ് കൊടുക്കാത്തതിന് 55 ബസുകള്‍ക്കെതിരേയും എയര്‍ഹോണ്‍ ഉപയോഗിച്ച 60 ബസുകള്‍ക്കെതിരെയും മ്യൂസിക് സിസ്റ്റം പ്രവര്‍ത്തിപ്പിച്ച 40 ബസുകള്‍ക്കെതിരേയും കേസെടുത്തു. ആകെ 104 ബസുകളില്‍ നിന്നായി 1.22ലക്ഷം രൂപയാണ് പിഴയീടാക്കിയത്.

ഇതില്‍ പലര്‍ക്കും ഒന്നും രണ്ടും നിയമലംഘനങ്ങളുടെ പേരില്‍ കേസുണ്ട്. ശക്തന്‍ സ്റ്റാന്‍ഡിലും ഇരിങ്ങാലക്കുട ബസ് സ്റ്റാന്‍ഡിലും തൃശ്ശൂര്‍- കൊടുങ്ങല്ലൂര്‍ സംസ്ഥാനപാതയിലും മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി.

അമിതശബ്ദത്തിലുള്ള ഹോണുകള്‍, മ്യൂസിക് സിസ്റ്റം എന്നിവയാണ് പ്രധാനമായും പരിശോധിച്ചത്. പൊതുഗതാഗത വാഹനങ്ങളില്‍ മ്യൂസിക് സിസ്റ്റം പ്രവര്‍ത്തിപ്പിക്കുന്നതിനെതിരേ ജാഗ്രത പുലര്‍ത്തണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍ മോട്ടോര്‍ വാഹനവകുപ്പിന് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തൃശ്ശൂര്‍ റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ ബിജു ജെയിംസിന്റെ നേതൃത്വത്തില്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ പരിശോധന നടത്തിയത്.

സംസ്ഥാനപാതയില്‍ ടിക്കറ്റ് കൊടുക്കാന്‍ വിസമ്മതിക്കുക, കുട്ടികളെ ബസില്‍ കയറ്റാതിരിക്കുക, അമിതവേഗം എന്നിവയുടെ പേരിലും കേസുണ്ട്. ഇരിങ്ങാലക്കുടയില്‍ നടന്ന പരിശോധനയ്ക്ക് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ കൃഷ്ണകുമാര്‍, കെ.ആര്‍. പ്രസാദ്, വി.എസ്. സിന്റോ, അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ ഷൈബു വര്‍ക്കി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. സെപ്റ്റംബര്‍ 23 വരെ ബസുകളില്‍ പരിശോധന തുടരുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Share this story