ജനറൽ ആശുപത്രി അധികൃതരുടെ ചികിത്സാ പിഴവിനെ തുടർന്ന് കൈമുറിച്ചുമാറ്റിയ വിദ്യാർഥിയെ എം വി ജയരാജൻ സന്ദർശിച്ചു

google news
MV Jayarajan visited the student whose hand was amputated due to medical error

തലശേരി: ഫുട്‌ബോൾ കളിക്കിടെ വീണ്‌ പരിക്കേറ്റ്‌ മുട്ടിന്‌ താഴെ കൈ മുറിച്ചുമാറ്റേണ്ടിവന്ന വിദ്യാർഥി സുൽത്താൻ ബിൻ സിദ്ദീഖിനെ സിപി ഐ എം ജില്ലസെക്രട്ടറി എം വി ജയരാജൻ സന്ദർശിച്ചു. കുട്ടിയുടെ പിതാവിന്റെ സഹേദരിയുടെ കതിരൂർ പുല്യോട്‌ ഈസ്‌റ്റിലെ വീട്ടിലെത്തിയാണ്‌ കണ്ടത്‌.

സിദ്ദീഖിനെ ആശ്വസിപ്പിക്കുകയും കുടുംബാംഗങ്ങളോട്‌ വിവരങ്ങൾ അന്വേഷിക്കുകയും ചെയ്‌തു. ചികിത്സയുടെ വിവരങ്ങൾ സുൽത്താന്റെ പിതാവിന്റെ സഹോദരി സുഫീറ വിശദീകരിച്ചു. കാത്താണ്ടി റസാഖ്‌, കാരായി അജിത്ത്‌, സുരാജ്‌ ചിറക്കര എന്നിവരും ഒപ്പമുണ്ടായി. ചികിത്സക്കിടെ പഴുപ്പ്‌ ബാധിച്ച്‌ കൈമുറിക്കാനിടയായതിനെക്കുറിച്ച്‌ അന്വേഷിക്കാൻ ആരോഗ്യമന്ത്രി നിർദേശം നൽകിയിട്ടുണ്ടെന്ന്‌ എം വി ജയരാജൻ പറഞ്ഞു.

സുതാര്യമായ അന്വേഷണം നടത്തി കുറ്റക്കാരായി കണ്ടെത്തുന്നവർക്കെതിരെ നടപടിയെടുക്കണം. നമ്മുടെ ഗവ. ആശുപത്രികൾ മെച്ചപ്പെട്ട നിലയിലേക്ക്‌ വളരുന്നതിനിടയിലുണ്ടാവുന്ന ഇത്തരം ഒറ്റപ്പെട്ട സംഭവങ്ങൾ ഗൗരവത്തോടെ കാണണം. ആവർത്തിക്കാതിരിക്കാനുള്ള ജാഗ്രതയും കരുതലുമുണ്ടാവണമെന്നും എം വി ജയരാജൻ ആവശ്യപ്പെട്ടു. സ്‌പീക്കർ എ എൻ ഷംസീർ, ഖാദി ബോർഡ്‌ വൈസ്‌ചെയർമാൻ പി ജയരാജൻ, റബ്കോ ചെയർമാൻ കാരായിരാജൻ, എം സി പവിത്രൻ, സി കെ രമേശൻ എന്നിവരും സുൽത്താൻ ബിൻ സിദ്ദീഖിനെ സന്ദർശിച്ചു.

Tags