ഹൈകോടതിയുടേത് ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാക്കുന്ന വിധിയെന്ന് എം വി ജയരാജന്‍
MV Jayarajan

കണ്ണൂര്‍: കണ്ണൂർ സർവകലാശാല അസോ പ്രൊഫസർ നിയമനം പുന:പരിശോധിക്കണമെന്ന ഹൈകോടതി വിധിക്കെതിരെ എം.വി ജയരാജൻ.ഹൈക്കോടതി പ്രിയാവര്‍ഗീസിന് അസോ. പ്രൊഫസര്‍ തസ്തികയില്‍ അപേക്ഷിക്കാന്‍ യോഗ്യതയില്ലെന്ന ദുരൂവ്യാപകമായ പ്രത്യാഘാതമുണ്ടാക്കുന്ന വിധിയാണ് ഹൈക്കോടതിയുടെതെന്ന് സി.പി. എം ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍ പറഞ്ഞു. കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.അസോസിയേറ്റ് പ്രൊഫസറായില്ലെങ്കില്‍ പ്രൊഫസറാകാന്‍ കഴിയില്ല.  

സ്ത്രീ സമൂഹത്തോടുളള വെല്ലുവിളിയാണിത്.അക്കാദമിക് ഡെപ്യൂട്ടേഷനിലുള്ള കാലം സര്‍വീസായി കണക്കാക്കില്ലെന്ന വിധി ഇപ്പോള്‍ ജോലി ചെയ്യുന്ന പല പ്രിന്‍സിപ്പാള്‍മാര്‍ക്കും അധ്യാപകര്‍ക്കും ഇപ്പോഴിരിക്കുന്ന തസ്തികയില്‍ ജോലി ചെയ്യാന്‍ കഴിയാത്ത സാഹചര്യമുണ്ടാക്കും.ഒരു അധ്യാപിക പ്രസവാവധിക്ക് പോയാല്‍ അവരുടെ ആ ഒരുവര്‍ഷം സേവനകാലമായി കണക്കാക്കാതിരിക്കാന്‍ കഴിയുമോ. ഇതു പോലെ ഒരു ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റ് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റായി സ്ഥാനകയറ്റം കിട്ടണമെങ്കില്‍ അവര്‍ മെറ്റേണിറ്റി അവധിയില്‍ പോയാല്‍ എന്തു ചെയ്യും. മെറ്റേണിറ്റി പിരീഡും സേവനകാലമായി കണക്കാക്കി അവര്‍ക്ക് പ്രമോഷന്‍ കൊടുക്കാന്‍ ഈ വിധിയുടെ അടിസ്ഥാനത്തില്‍ കഴിയില്ല. 

ജുഡീഷ്യല്‍ എക്‌സിപീരിയന്‍സിന്റെ സേവനകാലങ്ങള്‍ ഉള്‍പ്പെടെ ദുര്‍വ്യാഖ്യാനം ചെയ്യുന്ന വിധിയാണുണ്ടായിരിക്കുന്നതെന്നു എം.വി ജയരാജന്‍ പറഞ്ഞു. ഹൈക്കോടതി വിധിയുടെ മറ്റുവശങ്ങളെ കുറിച്ചു വ്യക്തമായി അറിയില്ലെന്നും അതു മനസിലാക്കിയതിനു ശേഷം പ്രതികരിക്കുമെന്നും എം. വി ജയരാജന്‍ പറഞ്ഞു.

Share this story