കേരളത്തിൽ നാലര വർഷത്തിനിടെ പിടികൂടിയത് 42 കോടിയുടെ എംഡിഎംഎ
 MDMA

തൊടുപുഴ: എംഡിഎംഎയുടെ ഇന്ത്യയിലെ പ്രധാന വിപണിയായി കേരളം മാറുന്നു. കഴിഞ്ഞ നാലര വർഷത്തിനിടെ 42 കോടിയോളം രൂപ വിലമതിക്കുന്ന 42.07 കിലോ എംഡിഎംഎ കേരളത്തിൽ എത്തിയതായി എക്സൈസ് വകുപ്പിൻറെ കണക്കുകൾ വ്യക്തമാക്കുന്നു. ഇത്തരം കേസുകളും അടുത്തിടെ കൂടിവന്നിട്ടുണ്ട്.ശാരീരികവും മാനസികവും വൈകാരികവുമായ ഒട്ടേറെ ഭവിഷ്യത്തുകൾക്ക് കാരണമാകുന്ന എം.ഡി.എം.എ ഹൈദരാബാദ്, ഗോവ, ബംഗളൂരു എന്നിവിടങ്ങളിൽനിന്നാണ് ഇവിടേക്കെത്തുന്നത്. പൊടി, ക്രിസ്റ്റൽ രൂപങ്ങളിൽ ലഭിക്കുന്നതിനാൽ അതീവ രഹസ്യമായും അതിലേറെ സുരക്ഷിതമായും കൊണ്ടുനടക്കാമെന്നത് യുവാക്കൾക്കും വിദ്യാർഥികൾക്കുമിടയിൽ മറ്റ് ലഹരി പദാർഥങ്ങളെ അപേക്ഷിച്ച് ഇത് പ്രിയപ്പെട്ടതാക്കുന്നു എന്ന് എക്സൈസ് അധികൃതർ വ്യക്തമാക്കുന്നത്.

എക്സൈസ് വകുപ്പിൻറെ കണക്കുപ്രകാരം ഈ വർഷം ജനുവരി മുതൽ ജൂൺവരെ 3.54 കിലോ എം.ഡി.എം.എ കേരളത്തിലാകെ പിടികൂടിയത്. 2021ൽ കോവിഡ് പ്രതിസന്ധിയും ലോക്ഡൗണും സൃഷ്ടിച്ച സവിശേഷ സാമൂഹിക സാഹചര്യത്തിൽ ഇതിൻറെ വിപണനവും ഉപയോഗവും കൂടുതലായിരുന്നു. സുഹൃത്തുക്കളുടെയും വിൽപനക്കാരുടെയും സമ്മർദത്തിന് വഴങ്ങി രസത്തിന് ഉപയോഗിച്ച് തുടങ്ങുന്നവർ പിന്നീട് ഇതിൻറെ വിപണനക്കാരായി മാറുന്ന പ്രവണതയും കേരളത്തിൽ കണ്ടുവരുന്നു.
 

Share this story