പോപ്പുല‍ര്‍ ഫ്രണ്ട് നടത്തുന്ന മിന്നൽ ഹർത്താലിൽ നിയമവിരുദ്ധമെന്ന് ഹൈക്കോടി

google news
kerala high court

കൊച്ചി : എൻഐഎ റെയ്ഡിനും നേതാക്കളുടെ അറസ്റ്റിനും പിന്നാലെ പോപ്പുല‍ര്‍ ഫ്രണ്ട് നടത്തുന്ന മിന്നൽ ഹർത്താലിൽ നിയമവിരുദ്ധമെന്ന് ഹൈക്കോടി. ഹർത്താൽ നടത്തരുതെന്ന കോടതി വിധിക്കെതിരായ നടപടി കോടതിയലക്ഷ്യമാണെന്നും ആഹ്വാനം ചെയ്തവർക്കെതിരെയും ആക്രമണങ്ങൾ അഴിച്ചുവിടുന്നവ‍ര്‍ക്കെതിരെയും നടപടി വേണമെന്നും കോടതി നിര്‍ദ്ദേശിച്ചു. മിന്നൽ ഹര്‍ത്താലിനെതിരെ സ്വമേധയാ എടുത്ത കേസിലാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.

ഹ‍ര്‍ത്താൽ അനുകൂലികളുടെ ആക്രമണങ്ങളിൽ നിന്നും പൊതു- സ്വകാര്യ സ്വത്ത്‌ സംരക്ഷിക്കാൻ പൊലീസ് നടപടി ഉറപ്പാക്കണമെന്ന് കോടതി നി‍ര്‍ദ്ദേശിച്ചു. നിയമവിരുദ്ധ ഹർത്താലിനെ പിന്തുണയ്ക്കുന്നവരെ നിരീക്ഷിക്കണം. പൊതുമുതൽ, നശിപ്പിച്ചവർക്കെതിരെ കേസ് എടുക്കണമെന്നും ഇതിന്ടെ വിശദാംശങ്ങൾ അറിയിക്കണമെന്നും  കോടതി കര്‍ശനമായി നിര്‍ദ്ദേശിച്ചു. ആക്രമണങ്ങൾ തടയാനുള്ള നടപടികൾ വേണം. പൊതുഗതാഗതത്തിന് മതിയായ സുരക്ഷ നൽകണമെന്നും കോടതി നിര്‍ദ്ദേശിച്ചു. സമരങ്ങൾ നടത്തുന്നതിനെയല്ല കോടതി എതിര്‍ക്കുന്നതെന്ന് വ്യക്തമാക്കിയ ജയശങ്കരൻ നമ്പ്യാർ, നിയാസ് റഹ്മാൻ അടങ്ങിയ ഡിവിഷൻ ബെഞ്ച്, ഇത്തരം മിന്നൽ ഹ‍ര്‍ത്താലുകളെയും ആക്രമണങ്ങൾക്കെതിരെയുമാണ് നടപടി ആവശ്യപ്പെടുന്നതെന്നും നിര്‍ദ്ദേശിച്ചു. 

കടുത്ത വിമ‍ര്‍ശനങ്ങളാണ് വാദത്തിനിടെ കോടതിയിൽ നിന്നും ഉണ്ടായത്. ഹർത്താൽ കോടതി നിരോധിച്ചതാണെന്നിരിക്കെയാണ് പോപ്പുല‍ര്‍ ഫ്രണ്ട് ഹർത്താൽ നടത്തിയത്. അസ്വീകാര്യമായ കാര്യങ്ങളാണ് സംസ്ഥാനത്ത് നടക്കുന്നത്. പൊതുമുതൽ നശിപ്പിക്കുന്നത് അവസാനിപ്പിക്കാൻ കഴിയണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ഹർത്താൽ നിരോധിച്ച കോടതി ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ കർശന നടപടി വേണം. പൗരന്മാരുടെ ജീവിതത്തെ തടസ്സപ്പെടുത്തുന്ന ഇത്തരം അക്രമങ്ങൾ ഉരുക്ക് മുഷ്ടി ഉപയോഗിച്ചു നേരിടണമെന്നും വാദത്തിനിടെ വ്യക്തമാക്കി. അക്രമം തടയാൻ എല്ലാ സംവിധാനവും ഉപയോഗിക്കണമെന്നും പൊലീസിനോട് കോടതി നിര്‍ദ്ദേശിച്ചു. 

എൻഐഎ റെയ്ഡിനും നേതാക്കളുടെ അറസ്റ്റിനും പിന്നാലെയാണ് പോപ്പുലർ ഫ്രണ്ട് ഹർത്താലിന് ആഹ്വാനം ചെയ്തത്. ഹ‍ര്‍ത്താൽ ദിനത്തിൽ സംസ്ഥാനത്ത് വ്യാപക ആക്രമണമാണുണ്ടാകുന്നത്. പലയിടത്തും സമരാനുകൂലികൾ നിരത്തിലിറങ്ങി വാഹനങ്ങൾ തടഞ്ഞു. കല്ലേറിൽ നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. കണ്ണൂർ ഉളിയിൽ പത്രവാഹനത്തിന് നേരെ ബോംബേറുണ്ടായി. കെഎസ്ആ‍ര്‍ടിസി ബസുകൾക്ക് നേരെ വ്യാപകമായി കല്ലേറുണ്ടായി. അമ്പതോളം ബസുകളുടെ ചില്ല് തകർന്നു. കോഴിക്കോടും കണ്ണൂരും തിരുവനന്തപുരത്തും ഡ്രൈവർമാർക്ക് പരിക്കേറ്റു. കണ്ണൂർ വളപട്ടണത്തും പത്തനംതിട്ടയിലും യാത്രക്കാർക്ക് പരിക്കേറ്റു. കെഎസ്ർആർടിസി പലയിടത്തും സർവീസുകൾ നിർത്തി. പൊലീസ് സംരക്ഷണത്തോടെ മാത്രം സർവീസുകൾ മതിയെന്നാണ് യൂണിറ്റുകൾക്ക് ലഭിച്ച നിർദേശം. 

Tags