അഭിഭാഷകര്‍ ഇന്ന് ഹൈക്കോടതി ബഹിഷ്‌കരിക്കും
high court

കൊല്ലം ബാര്‍ അസോസിയേഷന്‍ അംഗം അഡ്വ. പനമ്പില്‍ എസ് ജയകുമാറിനെ മര്‍ദ്ദിച്ച പൊലീസുകാര്‍ക്കെതിരെ നടപടി എടുക്കാത്തതില്‍ പ്രതിഷേധിച്ച് അഭിഭാഷകര്‍ ഇന്ന് ഹൈക്കോടതി ബഹിഷ്‌കരിക്കും. കേരള ഹൈക്കോര്‍ട്ട് അഡ്വക്കേറ്റ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തിലാണ് ബഹിഷ്‌കരണം. ഇന്നത്തെ ബഹിഷ്‌കരണം കോടതി നടപടികളെ ബാധിച്ചേക്കും.
കഴിഞ്ഞ അഞ്ചിന് അഭിഭാഷകനായ പനമ്പില്‍ എസ് ജയകുമാറിനെ കരുനാഗപ്പളളി പൊലീസ് മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് കൊല്ലം കോടതിയില്‍ കഴിഞ്ഞ പന്ത്രണ്ടിന് തുടങ്ങിയ അഭിഭാഷകരുടെ സമരം സംസ്ഥാനത്തെ മിക്ക കോടതികളിലേക്കും ബാധിച്ചു. ആരോപണവിധേയരായ ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പെടെ നാലുപേരെ സ്റ്റേഷനില്‍ നിന്ന് മാറ്റിയെങ്കിലും സസ്‌പെന്‍!ഡ് ചെയ്യണമെന്നാണ് അഭിഭാഷകരുടെ ആവശ്യം.

വാഹനാപകടത്തെ തുടര്‍ന്ന് പ്രശ്‌നമുണ്ടാക്കിയപ്പോഴാണ് അഭിഭാഷകനെ കസ്റ്റഡിയില്‍ എടുത്തതെന്നും അഭിഭാഷകന്‍ പൊലീസ് സ്റ്റേഷനില്‍ പരാക്രമം കാട്ടിയെന്നുമാണ് കരുനാഗപ്പളളി പൊലീസിന്റെ വിശദീകരണം. ഇതിന് തെളിവായി വിഡിയോയും പൊലീസ് പുറത്തുവിട്ടിരുന്നു. വിലങ്ങുവച്ച് ലോക്കപ്പില്‍ മര്‍ദ്ദിച്ചപ്പോഴാണ് സ്റ്റേഷനില്‍ ബഹളം വച്ചതെന്നും ഇതിന്റെ വിഡിയോ പ്രചരിപ്പിച്ചത് വീഴ്ചയാണെന്നും അഭിഭാഷകര്‍ പറയുന്നു.

Share this story