തൃശ്ശൂരിൽ മണ്ണിടിച്ചില്‍ ഭീഷണി : മാറിത്താമസിക്കാനുള്ള പുത്തൂര്‍ പഞ്ചായത്തിന്റെ നിര്‍ദേശം അംഗീകരിക്കാതെ നാട്ടുകാര്‍
LANDSLIDE

തൃശൂര്‍: പുത്തൂര്‍ പഞ്ചായത്തില്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ ഭീഷണി നേരിടുന്ന കോക്കാത്ത് അംബേദ്കര്‍ കോളനി, പുത്തന്‍കാട്, ചിറ്റക്കുന്ന് പ്രദേശങ്ങളിലെ ജനങ്ങള്‍ മാറിത്താമസിക്കണമെന്ന ഗ്രാമ പഞ്ചായത്തിന്റെ നിര്‍ദേശം അംഗീകരിക്കില്ലെന്ന് നാട്ടുകാര്‍.

പ്രദേശത്തെ 40 കുടുംബങ്ങളെ സ്ഥിരമായി മാറ്റിപ്പാര്‍പ്പിക്കണമെന്ന ശുപാര്‍ശയാണ് കലക്ടര്‍ നിയോഗിച്ച വിദഗ്ധ സമിതി കഴിഞ്ഞ ജൂണില്‍ നല്‍കിയത്. പഞ്ചായത്തു തന്നെ കലക്ടര്‍ക്ക് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലായിരുന്നു തീരുമാനം. ഭൂമി വാങ്ങുന്നതിന് ആറു ലക്ഷവും വീട് വക്കുന്നതിന് നാലു ലക്ഷവും നഷ്ടപരിഹാരമായി നല്‍കണമെന്ന വിദഗ്ധ സമിതി റിപ്പോര്‍ട്ടിനോട് നാട്ടുകാര്‍ അന്നുതന്നെ എതിര്‍പ്പറിയിച്ചിരുന്നു.

വിദഗ്ധ സമിതി റിപ്പോര്‍ട്ടില്‍ പറയുന്ന കാര്യങ്ങളുടെ വിശദാംശങ്ങള്‍ നാട്ടുകാരെ അറിയിക്കാന്‍ പഞ്ചായത്തധികൃതര്‍ ഇതുവരെ തയാറായിട്ടില്ല. നഷ്ടപരിഹാര തുക സംബന്ധിച്ച് പോരായ്മകളുണ്ടെങ്കില്‍ പരിഹരിക്കാനുള്ള ശ്രമവും പഞ്ചായത്തിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല. 

ഇക്കാര്യങ്ങളില്‍ പ്രതിഷേധിച്ചാണ് ഉരുള്‍പൊട്ടല്‍ ഭീഷണി നേരിടുന്ന പ്രദേശത്തെ നാട്ടുകാര്‍ താല്‍ക്കാലിക
ക്യാമ്പുകളിലേക്കോ ബന്ധുവീടുകളിലേക്കോ മാറാന്‍ തയാറാവാത്തത്.

Share this story