കായല്‍ കയ്യേറ്റം: ജയസൂര്യ വിജിലന്‍സ് കോടതിയില്‍ ഹാജരാകണം

actor jayasurya

ചിലവന്നൂര്‍ കായല്‍ കയ്യേറി നിര്‍മ്മാണം നടത്തിയെന്ന കേസില്‍ നടന്‍ ജയസൂര്യ വിജിലന്‍സ് കോടതിയില്‍ ഹാജരാകണം. ഡിസംബര്‍ 29ന് ഹാജരാകണമെന്ന് കാണിച്ച് ജയസൂര്യയ്ക്ക് സമന്‍സ് അയച്ചു. ആറ് വര്‍ഷം മുമ്പ് ഫയല്‍ ചെയ്ത ഹര്‍ജിയില്‍ ഒക്ടോബര്‍ 18നായിരുന്നു കുറ്റപത്രം സമര്‍പ്പിച്ചത്. കൊച്ചി കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥരായിരുന്നവര്‍ ഉള്‍പ്പടെ നാല് പേര്‍ക്കെതിരെയാണ് കുറ്റപത്രം. 

കടവന്ത്ര ഭാഗത്തെ വീടിന് സമീപം നടന്‍ നിര്‍മ്മിച്ച ബോട്ട് ജെട്ടിയും ചുറ്റുമതിലും ചിലവന്നൂര്‍ കായല്‍ പുറമ്പോക്ക് കയ്യേറി നിര്‍മ്മിച്ചതാണെന്നാണ് ആരോപണം. കണയന്നൂര്‍ താലൂക്ക് സര്‍വേയര്‍ ഇത് കണ്ടെത്തുകയും കോര്‍പ്പറേഷന്‍ സെക്രട്ടറി തൃശൂര്‍ വിജിലന്‍സ് കോടതിക്ക് ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിരുന്നു. തീരദേശ പരിപാലന സംരക്ഷണ നിയമവും മുനിസിപ്പല്‍ കെട്ടിട നിര്‍മാണ ചട്ടവും ലംഘിച്ച് കായലിന് സമീപം ജയസൂര്യ അനധികൃതമായി ബോട്ടു ജെട്ടിയും ചുറ്റുമതിലും നിര്‍മ്മിച്ചെന്നും അതിന് കോര്‍പറേഷന്‍ അധികൃതര്‍ ഒത്താശ ചെയ്‌തെന്നുമാണ് പരാതി.

Share this story