ലോക കേരള സഭയുടെ മൂന്നാം സമ്മേളനം; നാളെ തുടക്കം
LOKSABA
പ്രളയം, കൊവിഡ്, യുക്രൈൻ യുദ്ധം എന്നീ വിഷയങ്ങളുയർത്തുന്ന വെല്ലുവിളികൾക്കിടെയാണ് മൂന്നാംലോക കേരള സഭ സമ്മേളിക്കുന്നത്.

തിരുവനന്തപുരം: ലോക കേരള സഭയുടെ മൂന്നാം സമ്മേളനത്തിന് നാളെ തുടക്കം. വൈകീട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. മൂന്നുദിവസത്തെ സമ്മേളനത്തിന് നാലുകോടി രൂപയാണ് സർക്കാർ നീക്കിവച്ചിരിക്കുന്നത്

പ്രളയം, കൊവിഡ്, യുക്രൈൻ യുദ്ധം എന്നീ വിഷയങ്ങളുയർത്തുന്ന വെല്ലുവിളികൾക്കിടെയാണ് മൂന്നാംലോക കേരള സഭ സമ്മേളിക്കുന്നത്. നാളെ തുടങ്ങി ജൂൺ 18 വരെ നീണ്ടുനിൽക്കുന്ന ലോക കേരള സഭയിൽ, 65 രാജ്യങ്ങളിൽ നിന്നും 21 സംസ്ഥാനങ്ങളിൽ നിന്നുമുള്ള പങ്കാളിത്തം ഉണ്ടാകും. നിയമസഭാ മന്ദിരത്തിൽ നടക്കുന്ന സമ്മേളനത്തിൽ 8 വിഷയാധിഷ്ഠിത ചർച്ചകളുണ്ടാകും.

കേരള സംസ്ഥാന പ്രവാസി ക്ഷേമ വികസന സഹകരണ സംഘം, ഓവര്‍സീസ് കേരളൈറ്റ്‌സ് ഇൻവെസ്റ്റ്‍മെന്റ്  & ഹോൾഡിംഗ് ലിമിറ്റഡ് കമ്പനി, വനിതകളുടെ സുരക്ഷിത കുടിയേറ്റത്തിനായി നോര്‍ക്ക റൂട്ട്‌സില്‍ വനിതാ സെൽ, മനുഷ്യക്കടത്തും തൊഴില്‍ ചൂഷണവും തടയുന്നതിന് എയർപോര്‍ട്ടുകളില്‍ മൈഗ്രേഷൻ ഫെസിലിറ്റേഷൻ സെന്റർ, അന്താരാഷ്ട്ര കുടിയേറ്റ കേന്ദ്രം,  പ്രവാസി ആനുകാലിക പ്രസിദ്ധീകരണം 'ലോക മലയാളം' എന്നിവയാണ് ലോക കേരള സഭയുടെ നേട്ടങ്ങളായി ഉയർത്തിക്കാട്ടുന്നത്. സാമ്പത്തിക ഞെരുക്കമുള്ള സംസ്ഥാനത്ത് നാല് കോടി രൂപ മുടക്കിൽ സമ്മേളനം നടത്തുന്നതിനെതിരെ വിമർശനങ്ങൾ ഉയരുന്നതിനിടെയാണ് ലോക കേരള സഭ വീണ്ടും സമ്മേളിക്കുന്നത്.

Share this story