ജനാഭിമുഖ കുര്‍ബാന പ്രതിസന്ധി: പ്രശ്‌ന പരിഹാരത്തിനായി മെത്രാന്മാരുടെ സമിതി രൂപീകരിച്ചു

ankamali


കൊച്ചി: ജനാഭിമുഖ കുര്‍ബാന പ്രതിസന്ധി പരിഹരിക്കുന്നതിനായി മെത്രാന്മാരുടെ കമ്മിറ്റി രൂപീകരിച്ചു. എറണാകുളം - അങ്കമാലി അതിരൂപതയിലെ വൈദികരും വിശ്വാസികളുമായി ഈ സമിതി ചര്‍ച്ച നടത്തി പ്രശ്‌ന പരിഹാരം കാണുമെന്നാണ് സഭാ നേതൃത്വം അറിയിക്കുന്നത്. ആര്‍ച്ച് ബിഷപ്പുമാരായ മാത്യു മൂലക്കാട്ട്, ജോസഫ് പാംപ്ലാനി, ജോസ് ചിറ്റൂപ്പറമ്പില്‍ എന്നിവരങ്ങുന്നതാണ് കമ്മിറ്റി.

സിറോ മലബാര്‍ സഭ എറണാകുളം - അങ്കമാലി അതിരൂപത ആസ്ഥാനത്ത് കര്‍ദ്ദിനാള്‍ വിമത വിഭാഗം അനിശ്ചിതകാല ഉപരോധ സമരം തുടങ്ങിയ പശ്ചാത്തലത്തില്‍ കൂടിയാണ് മെത്രാന്മാരുടെ സമിതിയെ നിയോഗിച്ചിരിക്കുന്നത്. 

സിനഡ് കുര്‍ബാന നടപ്പിലാക്കണം എന്ന് ആവശ്യപ്പെട്ട് സെന്റ് മേരീസ് ബസിലിക്ക വികാരിക്കും, മൈനര്‍ സെമിനാരി റെക്ടര്‍ക്കും അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ നല്‍കിയ കത്ത് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം നടക്കുന്നത്. 


കത്ത് പിന്‍വലിച്ച് ജനാഭിമുഖ കുര്‍ബാന അംഗീകരിക്കുന്നത് വരെ ഒരു വിഭാഗം വൈദികരുടെയും വിശ്വാസികളുടെയും നേതൃത്വത്തിലുള്ള സമരം തുടരും. എറണാകുളം അതിരൂപതയ്ക്ക് പ്രത്യേക ഇളവ് നല്‍കാന്‍ സിറോ മലബാര്‍ സഭാ സിനഡ് വത്തിക്കാന് ശുപാര്‍ശ നല്‍കണമെന്ന് സമരക്കാര്‍ ആവശ്യപ്പെടുന്നു.

എറണാകുളം- അങ്കമാലി അതിരൂപതയില്‍ ഏകീകൃത കുര്‍ബാന നടപ്പാക്കാനാകുമെന്നാണ് നേരത്തെ അപ്പോസ്തലിക്ക് അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞത്. മാര്‍പ്പാപ്പ നല്‍കിയ നിര്‍ദ്ദേശം മാറിയിട്ടില്ല. 

അതുകൊണ്ട് കുര്‍ബാന ഏകീകരണം നടപ്പാക്കുന്നതില്‍ മാറ്റമില്ലെന്നും അതിരൂപതയിലെ വിശ്വാസികളും വൈദികരും ഒപ്പം നില്‍ക്കുമെന്നാണ് പ്രതീക്ഷയെന്നും മാര്‍ ആന്‍ഡ്രൂസ് താഴത്ത് കൊച്ചിയില്‍ പറഞ്ഞിരുന്നു. സിബിസിഐ അധ്യക്ഷനായ ശേഷം കൊച്ചി വിമാനത്താവളത്തില്‍ എത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം

Share this story