പാള പാത്ര നിര്‍മ്മാണത്തിലെ കുടുംബശ്രീ വിജയ കഥ

iuhygv

കാസർഗോഡ് : ഉപയോഗശൂന്യമായി നശിച്ചുപോകുന്ന പാളയില്‍ നിന്ന് പാത്രങ്ങള്‍ നിര്‍മിച്ച് വിജയം കൊയ്യുകയാണ് പനത്തടി ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ കുട്ടായ്മ. മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന പരിസ്ഥിതി സൗഹൃദമായൊരു സ്വയം തൊഴില്‍ സംരംഭമാണ് പനത്തടി ഗ്രാമപഞ്ചായത്ത് ആറാം വാര്‍ഡിലെ സ്പൂര്‍ത്തി പാള പാത്ര നിര്‍മാണ യൂണിറ്റ്. ഗ്രാമീണമേഖലയിലെ വനിതകള്‍ക്ക് സ്വയം തൊഴില്‍ നല്‍കുന്നതിനായി പരപ്പ ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആരംഭിച്ച ഈ സംരംഭം ചുരുങ്ങിയ കാലം കൊണ്ടാണ് നേട്ടം കൈവരിച്ചത്. കര്‍ണാടകത്തിലെ സുള്ള്യയില്‍ ഉള്‍പ്പടെ വിവിധ സ്ഥലങ്ങളിലേക്ക് ഈ വനിതാ സംരംഭകര്‍ പാള പാത്രങ്ങള്‍ വിതരണം ചെയ്യുന്നുണ്ട്. മാസം അറുപതിനായിരം രൂപ വരെ വിറ്റുവരവ് നേടി വിജയകരമായി മുന്നേറുകയാണ് സ്പൂര്‍ത്തി പാളപാത്ര നിര്‍മ്മാണ യൂണിറ്റ്.

കര്‍ണാടക അതിര്‍ത്തി പ്രദേശമായ കല്ലപ്പള്ളിയിലാണ് അഞ്ചു വനിതകള്‍ ചേര്‍ന്ന് ആരംഭിച്ച ഈ  യൂണിറ്റ്. ദിവസേന ആയിരത്തിലധികം പാള പാത്രങ്ങള്‍ ഇവിടെ നിര്‍മിച്ച് വിവിധ പ്രദേശങ്ങളിലേക്ക് വിതരണം ചെയ്യുന്നു. രാവിലെ എട്ടിന് ആരംഭിച്ച് രാത്രി വൈകും വരെ അര്‍പ്പണ മനോഭാവത്തോടെ നടത്തുന്ന പ്രവര്‍ത്തനമാണ് ഈ വിജയത്തിനു പിന്നില്‍. പനത്തടി പഞ്ചായത്തിലെ കല്ലപ്പള്ളിയിലും പരിസരപ്രദേശത്തുമുള്ള തോട്ടങ്ങളില്‍ നിന്നാണ് യൂണിറ്റിലേക്ക് ആവശ്യമായ പാളകള്‍ ശേഖരിക്കുന്നത്. കമുക് കൃഷി ധാരാളമായി ഉള്ള മേഖല ആയതിനാല്‍ പാള സുലഭമായി ലഭിക്കുന്നു. വേനല്‍കാലത്ത് പാളകള്‍ ശേഖരിച്ച് ഉണക്കി സൂക്ഷിക്കും. ശേഷം പാളയുടെ വലിപ്പമനുസരിച്ച് വേര്‍തിരിച്ച് യന്ത്രത്തിന്റെ സഹായത്തില്‍ പ്ലേറ്റുകളാക്കി മാറ്റുന്നു. വലിയ പാളയില്‍ നിന്ന് മൂന്ന് പ്ലേറ്റ് വരെ ഉണ്ടാക്കാന്‍ കഴിയും.

മൂന്നു വ്യത്യസ്ത അളവുകളിലുള്ള പാത്രങ്ങളാണ് ഇവിടെ നിര്‍മിക്കുന്നത്. ഒപ്പം കപ്പും, സ്പൂണും ഇവിടെ നിര്‍മിക്കുന്നു. അമ്പലങ്ങളിലെ പരിപാടികള്‍, തെയ്യം, വിവാഹം, അടിയന്തരം തുടങ്ങി വിവിധ പരിപാടികള്‍ക്ക് നിലവില്‍ പാള പ്ലേറ്റ് കൊണ്ടുപോകുന്നു. ബേക്കല്‍ ബീച്ച് ഫെസ്റ്റിവല്‍ അടക്കമുള്ള പരിപാടികളിലും ഇവരുടെ പ്ലേറ്റുകളാണ് ഉപയോഗിച്ചത്. പ്ലേറ്റ് നിര്‍മാണത്തിനുശേഷം ബാക്കിയാകുന്ന പാള പാഴാക്കാതെ കാലിത്തീറ്റ ആക്കുന്നതിനുള്ള സംവിധാനം ഉടന്‍ തന്നെ ആരംഭിക്കും. ഇതിന് ആവശ്യമായുള്ള മെഷിനുകള്‍ ഇവിടെ എത്തിച്ചു കഴിഞ്ഞു. നിലവില്‍ കല്ലപ്പള്ളിയിലെ താത്കാലിക കെട്ടിടത്തിലാണ് യൂണിറ്റ് പ്രവര്‍ത്തിക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി യൂണിറ്റിന് സ്വന്തം കെട്ടിടം നിര്‍മിച്ചു നല്‍കുമെന്ന് അറിയിച്ചു കഴിഞ്ഞു. പരിസ്ഥിതിക്ക് ദോഷകരമായി ബാധിക്കുന്ന പ്ലാസ്റ്റിക് പ്ലേറ്റുകളില്‍ നിന്ന് മറ്റു മാര്‍ഗങ്ങള്‍ തേടുന്ന കാലത്തിനനുസരിച്ചുള്ള സംരംഭത്തിലൂടെ സ്വയം തൊഴിലിനൊപ്പം സാമൂഹിക പ്രതിബദ്ധതയുടെ കൂടി മാതൃകയാകുകയാണ് ഈ കൂട്ടായ്മ.
 

Share this story