കോഴിക്കോട് തീവണ്ടി തട്ടി പുഴയില്‍ വീണ് വിദ്യാര്‍ത്ഥിനി മരിച്ചു
 A student was killed

കോഴിക്കോട്: ഫറോക്ക്  റെയിൽ പാലത്തിൽ നിന്ന് തീവണ്ടി തട്ടി പുഴയിൽ വീണ വിദ്യാർത്ഥിനി മരിച്ചു. കരുവൻ തുരുത്തി സ്വദേശിയും ഫറോക്ക് കോളേജ് ക്യാമ്പസ് ഹയർസെക്കന്‍ററി സ്ക്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിനിയുമായ നഫാത്ത് ഫത്താഹ് ആണ് മരിച്ചത്. ഉച്ചയ്ക്ക് പന്ത്രണ്ടേ മുക്കാലോടെയാണ് അപകടം. സെൽഫി എടുക്കുന്നതിനിടെയാണ് അപകടം ഉണ്ടായതെന്നാണ് സൂചന. നഫാത്ത് ഫത്താഹിന്‍റെ സഹപാഠി ഇഷാമിനെ പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇഷാമിന് കൈക്കും കാലിനും പരിക്കുണ്ട്. പരിക്ക് ഗുരുതരമല്ല. 

രാവിലെ നഫാത്തും ഇഷാമും ട്യൂഷന് പോയിരുന്നു. തിരിച്ചുവരുന്ന വഴിയാണ് അപകടം. അക്കാദമിക കാര്യങ്ങളിലും പാഠ്യേതര പ്രവര്‍ത്തനങ്ങളിലും ഏറെ മികവ് പുലര്‍ത്തിയിരുന്ന വിദ്യാര്‍ത്ഥിനിയാണ് നഫാത്ത് എന്ന് അധ്യാപകര്‍ പറഞ്ഞു. ഇന്‍സ്പയര്‍ അവാര്‍ഡ് ഉള്‍പ്പെടെ കഴിഞ്ഞ വര്‍ഷം നഫാത്ത് നേടിയിരുന്നു. നഫാത്തിന്‍റെ മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. കോയമ്പത്തൂർ - മംഗലാപുരം ഫാസ്റ്റ് പാസഞ്ചർ തട്ടിയാണ് അപകടം ഉണ്ടായത്. ഫറോക്ക് പഴയ പാലത്തിന് സമാന്തരമായുള്ള റെയില്‍ പാലത്തിലായിരുന്നു അപകടം.

Share this story